പ്രഭാസ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോ പുറത്തുവന്നു. ഇത് ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്നത് ഫോട്ടോയില്‍ കാണാം. ഇത്തരത്തില്‍ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസര്‍വ് ചെയ്ത സീറ്റില്‍ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും ഹനുമാന്‍ എത്തും എന്ന വിശ്വാസത്തിലാണ് ഇത്തരത്തില്‍ തിയറ്ററില്‍ ഒരു സീറ്റ് ഒഴിച്ചിടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും.ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചി സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തിക്കുന്നുണ്ട്. ഓം റാവത്ത് ആണ് സംവിധാനം. കൃതി സനോണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു.