കഴിഞ്ഞമാസം ദേശീയതലത്തില്‍ ചരക്ക്-സേവന നികുതി സമാഹരണം കുറഞ്ഞു. ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍ നിന്ന് ഓഗസ്റ്റില്‍ 1.59 ലക്ഷം കോടി രൂപയായാണ് ജിഎസ്ടി സമാഹരണം താഴ്ന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് മാസം 1.6 ലക്ഷം കോടി രൂപയ്ക്കുമേല്‍ തുടര്‍ന്ന ശേഷമാണ് കഴിഞ്ഞമാസം പിരിവ് താഴെയായത്. അതേസമയം, സമാഹരണം 1.5 ലക്ഷം കോടി രൂപയ്ക്കുമേല്‍ എത്തുന്നത് തുടര്‍ച്ചയായ ആറാം മാസമാണ്. കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി സമാഹരണത്തില്‍ 28,328 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. സംസ്ഥാന ജി.എസ്.ടിയായി 35,794 കോടി രൂപയും സംയോജിത ജി.എസ്.ടിയായി 83,251 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തില്‍ ലഭിച്ചത് 11,695 കോടി രൂപ. കേരളത്തില്‍ കഴിഞ്ഞമാസം 2,306 കോടി രൂപ ജി.എസ്.ടിയായി പിരിച്ചെടുത്തു. 2022 ഓഗസ്റ്റിലെ 2,036 കോടി രൂപയേക്കാള്‍ 13 ശതമാനം അധികമാണിത്. കേരളത്തിന് ഓഗസ്റ്റിലെ ജി.എസ്.ടി വിഹിതമായി ആകെ 2,472 കോടി രൂപ കേന്ദ്രം അനുവദിച്ചു. മഹാരാഷ്ട്ര തന്നെയാണ് ജി.എസ്.ടി പിരിവില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞമാസം 23 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 23,282 കോടി രൂപ മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചു. 16 ശതമാനം വളര്‍ച്ചയോടെ 11,116 കോടി രൂപയുമായി കര്‍ണാടകയാണ് രണ്ടാമത്. ഗുജറാത്ത് 12 ശതമാനം വളര്‍ച്ചയോടെ 9,765 കോടി രൂപയും തമിഴ്നാട് 13 ശതമാനം വളര്‍ച്ചയോടെ 9,475 കോടി രൂപയും പിരിച്ചെടുത്തു. ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്; വെറും മൂന്ന് കോടി രൂപ.