ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കൈവരിച്ചത് 6.2 ശതമാനം വളര്‍ച്ച. പ്രതീക്ഷിത വളര്‍ച്ചാ നിരക്കിന് ഒപ്പം നില്‍ക്കുന്നതാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട കണക്കുകള്‍. മൂന്നാം പാദത്തില്‍ രാജ്യം 6.2-6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നത്. മുന്‍ പാദത്തിലെ പുതുക്കിയ കണക്കുകള്‍ പ്രകാരം വളര്‍ച്ച 5.8 ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാകുമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ജനുവരിയില്‍ പുറത്തിറക്കിയ കണക്കുകളില്‍ വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. 2023-24 വര്‍ഷത്തില്‍ രാജ്യം 9.2 ശതമാനം യഥാര്‍ത്ഥ വളര്‍ച്ച നേടിയതായും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഇത് 8.2 ശതമാനമാണ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ പൊതു ചെലവുകളില്‍ ഉണ്ടായത് വലിയ വര്‍ധനയാണ്. മൂന്നാം പാദത്തില്‍ 8.3 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. മുന്‍ പാദത്തില്‍ ഇത് 3.8 ശതമാനം മാത്രമായിരുന്നു. വ്യക്തിഗത ഉപയോഗം മുന്‍ പാദത്തിലെ 5.9 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി വര്‍ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താനായതും ഉല്‍സവ സീസണുകളും ഈ പാദത്തില്‍ വ്യക്തിഗത ഉപയോഗത്തില്‍ വര്‍ധനവുണ്ടാക്കി.