കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. ഇതോടെ ഏറ്റവും വേഗം ഒരു ലക്ഷം മാര്‍ക്ക് കടക്കുന്ന എസ്‌യുവി എന്ന പേരും ഗ്രാന്‍ഡ് വിറ്റാരയെ തേടി എത്തി. കൂടാതെ 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യന്‍ എസ്‌യുവി സെഗ്മെന്റില്‍ ഏറ്റവും അധികം വില്‍പനയുള്ള വാഹനവും ഗ്രാന്‍ഡ് വിറ്റാര തന്നെ. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്‌ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്. 10.70 ലക്ഷം രൂപ മുതല്‍ 19.83 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്‌സ്‌ഷോറൂം വില. സെല്‍ഫ് ചാര്‍ജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്‌നോളജിയുമായി എത്തുന്ന 1.5 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്‍ജിന് 92.45 പിഎസ് കരുത്തും 122 എന്‍എം ടോര്‍ക്കുമുണ്ട്. ലീറ്ററിന് 27.97 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനിലും വാഹനം ലഭ്യമാണ്. 103 എച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭിക്കും. 21.11 കിലോമീറ്റാണ് ഇന്ധനക്ഷമത. ഓട്ടോ, സ്‌നോ, സ്‌പോര്‍ട്, ലോക്ക് മോഡുകള്‍ ഈ എസ്‌യുവിയിലുണ്ട്.