ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന പതഞ്ജലി ഫുഡ്സില്‍ 5.86% ഓഹരി സ്വന്തമാക്കി അമേരിക്കന്‍ നിക്ഷപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള ജി.ക്യു.ജി 2,400കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി മുടക്കിയിരിക്കുന്നത്. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഓഹരിയൊന്നിന് 1,000 രൂപ നിരക്കില്‍ 2.53 കോടി ഓഹരികള്‍ വിറ്റഴിക്കാന്‍ പതഞ്ജലി ഫുഡ്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പതഞ്ജലി ആയുര്‍വേദയ്ക്ക് അനുമതി നല്‍കിയിരുന്നു. ബി.എസ്.ഇയില്‍ 1,225 രൂപയ്ക്ക് വില്‍പ്പന നടന്നിരുന്ന ഓഹരികള്‍ 18.36 ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജി.ക്യു.ജി പാര്‍ട്ണേഴ്സ് വലിയ നിക്ഷേപം നടത്തിരുന്നു. ഹിന്‍ഡെന്‍ ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടതിനു ശേഷമായിരുന്നു ജി.ക്യു.ജിയുടെ നിക്ഷേപം. കൂടാതെ ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ഐ.ടി.സി ലിമിറ്റഡ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയിലും ബാങ്കിംഗ് – ഫിനാന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി ഐ ബാങ്ക്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് എന്നിവയിലും ജി.ക്യു.ജി പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തിയിട്ടുണ്ട്.