വി സി മാരോട് രാജിവയ്ക്കാൻ നിർദ്ദേശിക്കാൻ ഗവർണ്ണർക്ക് അധികാരമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു. കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കമാണ് കാണിക്കുന്നത്. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ നടപടിഎന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി വൈസ് ചാൻസലർമാരും . വി സി മാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . അവർ സ്വന്തം നിലയിൽ ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചു. ഇതിനായി നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും
കോയമ്പത്തൂർ ടൗൺ ഹാളിന് സമീപം കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. മരിച്ച എഞ്ചിനീയറിങ് ബിരുദധാരിയെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.
കോയമ്പത്തൂർ ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചി റജിസ്ട്രേഷനുള്ള കാറാണിത് . സാധാരണ സ്ഫോടനത്തിനുപയോഗിക്കുന്ന രീതിയാണ് ഇവിടെയും കണ്ടത് . സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനെന്നപോലെ കാറിനകത്ത് മാർബിൾ ചീളുകൾ , ആണികൾ, പൊട്ടിത്തെറിക്കാത്ത ഒരു പാചക വാതക സിലിണ്ടർ എന്നിവയും കണ്ടെത്തി. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം.ദീപാവലി ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം ശക്തമാക്കിയത്. കോയമ്പത്തൂർ നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപത്താണ് കാറിനകത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്.
കിളിക്കൊല്ലൂരില്‍ സൈനികന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ആവശ്യപ്പെട്ടു . അതൊരു ഒറ്റപ്പെട്ട സംഭവമാണ്. പൊലീസിന്‍റെ മതിപ്പും വിശ്വാസവും തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ഈ മാസം 27 ന് സിപിഎം മൂന്നാംകുറ്റിയിൽ വിശദീകരണയോഗം നടത്തുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. പൊലീസുകാർക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ യും രംഗത്തെത്തിയിരുന്നു.