ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍. ഗവർണറുടെ നീക്കങ്ങളുടെ ആദ്യപടിയായാണ് നിയമോപദേശം തേടുന്നത്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയിട്ടാകും തുടർ തീരുമാനം. ജനുവരി മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഗവർണര്‍ രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസലിന്റെ നിയമോപദേശം പരിശോധിച്ച് തുടർ തീരുമാനമെടുക്കും. ഉപദേശങ്ങൾ പരിഗണിച്ച് ബിൽ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനെയുണ്ടാകാൻ സാധ്യതയില്ല. ചാൻസലര്‍ ബില്ലിൽ തീരുമാനം നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിരുന്നു. ഗവർണറെ ചാൻസലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളിൽ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിന്റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.