മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോടു മൗനം പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരണം ആരാഞ്ഞപ്പോഴാണ് ആത്മാഭിമാനം ഇല്ലാത്തവര്‍ക്കു മറുപടിയില്ലെന്നു പറഞ്ഞത്. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന സാമാന്യ മര്യാദയാണ് താന്‍ ചെയ്തത്. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പരക്കേ അക്രമം. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമങ്ങള്‍. ചിലയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. കണ്ണൂരിലെ ഉളിയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലത്ത് പള്ളിമുക്കില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കോഴിക്കോട്ട് ലോറിക്കു കല്ലെറിഞ്ഞ് ഡ്രൈവര്‍ വര്‍ക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്ക് കണ്ണിലും മൂക്കിലും പരിക്കേറ്റു. കോയമ്പത്തൂരിലെ ചിറ്റബുദൂരിലെ ബിജെപി ഓഫീസിന് നേരെ ഇന്നലെ രാത്രി പെട്രോള്‍ ബോംബേറിഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കും. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി.
ഹര്‍ത്താലിന്റെ മറവില്‍ ‘മതതീവ്രവാദികള്‍’ അഴിഞ്ഞാടിയിട്ടും നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഗെലോട്ടിനെതിരേ ശശി തരൂര്‍ മല്‍സരിക്കുമെന്നാണു സൂചനകള്‍. മല്‍സരിക്കാന്‍ താനും യോഗ്യനാണെന്ന് ദ്വിഗ് വിജയ് സിംഗും പ്രതികരിച്ചിരുന്നു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി നേതാക്കളുമായി മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. വീടും സ്ഥലവും നഷ്ടപെട്ടവയ്ക്ക് തുല്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പാക്കേജ് വേണം എന്നാണ് ആവശ്യം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെ പാക്കേജില്‍ പ്രഖ്യാപിക്കണമെന്നു സമര സമിതി ആവശ്യപ്പെടും.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. നാട്ടിലേക്കു പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍.
ആന പാപ്പാന്മാരാകാന്‍ കുന്നംകുളത്തുനിന്ന് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ തൃശൂര്‍ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നു കണ്ടെത്തി. പാപ്പാന്മാരാകാന്‍ പോകുകയാണെന്നും തങ്ങളെ അന്വേഷിക്കേണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ വീട്ടിലേക്കു വരുമെന്നും കത്തെഴുതിവച്ചാണ് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെ പോലീസ് തെരച്ചില്‍ നടത്തിയപ്പോഴാണ് ബസില്‍ ഉറങ്ങിക്കിടന്ന കുട്ടികളെ കണ്ടെത്തിയത്.
വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് വിശ്വസിപ്പിച്ച് സൈതലവി ആതവനാട് സ്വദേശിയായ യുവതിയെ മൂന്നു മാസം മുന്‍പ് വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ചെമ്പിക്കലിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
കൊല്ലം ആശ്രാമത്തെ സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ കടപ്പാക്കട നഗറില്‍ താമസിക്കുന്ന അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 19 നാണ് സ്വകാര്യ കൊറിയര്‍ വഴി 14.7166 ഗ്രാം എം.ഡി.എം.എ കടത്തിയത്. രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ വലിയ ആശങ്കയുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.