prasar 2

സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല്‍ പ്രക്ഷേപണം പ്രസാര്‍ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല്‍ ഇതോടെ പ്രതിസന്ധിയിലാകും.

മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള അധികാരമുണ്ടെന്നും കൊച്ചിയിലെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ പറഞ്ഞു.

പ്രണയപ്പകയില്‍ കൊലപാതകം. അഞ്ചു വര്‍ഷത്തെ പ്രണയം തകര്‍ന്നതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്നു. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെയാണു കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിതിനെ അറസ്റ്റു ചെയ്തു. ആറു മാസമായി വിഷ്ണുപ്രിയ അകന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു ശ്യാംജിത്ത് മൊഴി നല്‍കി.

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണു സസ്പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. നടപടി അംഗീകരിക്കുന്നുവെന്നും ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എല്‍ദോസ് പ്രതികരിച്ചു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ നൂറാം ദിനം തികയുന്ന ഒക്ടോബര്‍ 27 ന് കടലിലും കരയിലും സമരം സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധ സമരത്തിന് എല്‍ഡിഎഫ്. ഗവര്‍ണര്‍ക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന്.

ഗവര്‍ണര്‍ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.

എം.ജി സര്‍വകലാശാല കൈക്കൂലിക്കേസില്‍ പിടിയിലായ പരീക്ഷ ഭവന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിയെ പിരിച്ചു വിടാന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. എല്‍സിയെ പിരിച്ചുവിടാനുള്ള സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.

നാളെ ദീപാവലി. ദീപാവലി ആഘോഷത്തിനു രാത്രി എട്ടു മുതല്‍ 10 വരെ മാത്രമാണു പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെ പടക്കം പൊട്ടിക്കാം. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിനു രണ്ടായിരം രൂപയും അനസ്തേഷ്യ ഡോക്ടര്‍ക്ക് മൂവായിരം രൂപയും കൊടുക്കേണ്ടി വന്നെന്നു തലശേരി സ്വദേശി പരാതിപ്പെട്ടിരുന്നു.

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ചോദ്യംചെയ്തു. മറുപടി തൃപ്തികരമല്ലെന്നു പോലീസ്. എംഎല്‍എയുടെ പ്രൈവറ്റ് അസിസ്റ്റന്റ് ഡാനി പോള്‍, ഡ്രൈവര്‍ അഭിജിത് എന്നിവരെയും  ചോദ്യം ചെയ്തു.

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോട്ടയം ജില്ല 491 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 469 പോയിന്റുള്ള തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ തൃശൂര്‍ 37 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്.

ആറളം ഫാമിലെ കാട്ടാന ശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട  മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഴയ മന്ത്രിമാരെ രണ്ടാം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. ചെന്നിത്തല പറഞ്ഞു.

പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നു സനോജ് ആവശ്യപ്പെട്ടു.

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *