തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന് ഏഴ് ദിവസം മുമ്പ് പ്രളയം പ്രവചിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ഗൂഗിള്‍. വെള്ളപ്പൊക്കം ഏറ്റവും സാധാരണമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ്, കൂടാതെ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം 2000 മുതല്‍ വെള്ളപ്പൊക്ക സംഭവങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തി, ലോക ജനസംഖ്യയുടെ 19 ശതമാനത്തെ അതായത് ഏകദേശം 1.5 ബില്യണ്‍ ആളുകളെ അത് ബാധിക്കുന്നു. സയന്‍സ് ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍, പ്രവചനം നടത്താന്‍ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകള്‍ തങ്ങള്‍ സംയോജിപ്പിക്കുന്നുവെന്ന് ടെക് ഭീമന് പറഞ്ഞു. ‘ഹൈഡ്രോളജിക് മോഡല്‍ ഒരു നദിയില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവ് പ്രവചിക്കുന്നു, കൂടാതെ ‘വെള്ളപ്പൊക്ക മാതൃക’ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു’. ലോകമെമ്പാടുമുള്ള കാലാവസ്ഥാ ദുര്‍ബല പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് നല്കാന് തങ്ങളുടെ പുതിയ എഐ സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഏഴ് ദിവസം മുമ്പ് നദിയിലെ വെള്ളപ്പൊക്കം കൃത്യമായി പ്രവചിക്കാന്‍ ഗൂഗിള്‍ എഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി പറയുന്നു. ചരിത്ര സംഭവങ്ങള്‍, നദീനിരപ്പ് റീഡിങ്, ഉയരം, ഭൂപ്രകൃതി ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച് ഗൂഗിള്‍ മെഷീന് ലേണിങ് മോഡലുകളെ പരിശീലിപ്പിച്ചതായും ഓരോ സ്ഥലത്തിനും പ്രാദേശികവല്‍ക്കരിച്ച ഭൂപടങ്ങള്‍ നിര്‍മ്മിക്കുകയും ലക്ഷക്കണക്കിന് സിമുലേഷനുകള്‍ നടപ്പിലാക്കുകയും ചെയ്തുവെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമഗ്രമായ ഡാറ്റ അവലോകനം, മതിയായ ഡാറ്റയില്ലാത്ത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെപ്പോലും മുന്‍കൂട്ടിയറിയാന്‍ എഐ മോഡലുകളെ അനുവദിച്ചു.