ഏറ്റവും പുതിയതും കരുത്തുറ്റതുമായ ജെമിനി ഓംനി, ജെമിനി 3.5 എന്നീ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി ഗൂഗിള്‍. മുന്‍ മോഡലുകളേക്കാള്‍ വേഗതയും സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാനുള്ള കഴിവും, കോഡിങ് മികവുമാണ് പുതിയ ജെമിനി 3.5 ഫ്ലാഷിന്റെ പ്രധാന സവിശേഷത. വിഡിയോ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കുന്നതിനുസരിച്ച് എന്തും സൃഷ്ടിക്കാന്‍ ജെമിനി ഓംനിക്ക് കഴിയും. മള്‍ട്ടിമോഡാലിറ്റി, എഡിറ്റിങ് എന്നിവയില്‍ ഒരു കുതിച്ചുചാട്ടമാണിത്. ഫ്രോണ്ടിയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളുടെ കുടുംബത്തിലെ ആദ്യത്തേതാണ് ജെമിനി 3.5 ഫ്ലാഷ്. മറ്റ് മുന്‍നിര എഐ മോഡലുകളേക്കാള്‍ 4 മടങ്ങ് വേഗതയിലാണ് ജെമിനി 3.5 ഫ്ലാഷ് മറുപടികള്‍ നല്‍കുന്നത്. ഉയര്‍ന്ന വേഗം ആവശ്യമുള്ള വലിയ പ്രോജക്റ്റുകള്‍ക്ക് ഇത് ഏറെ സഹായകരമാകും. എഐ ദുരുപയോഗം തടയുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ജെമിനി 3.5 വികസിപ്പിച്ചിരിക്കുന്നത്.
