സ്‌ക്രീന്‍ ഇല്ലാത്ത ഫിറ്റ്നസ് ട്രാക്കര്‍ ആയ ഫിറ്റ്ബിറ്റ് എയര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഡിസ്‌പ്ലേ, നോട്ടിഫിക്കേഷനുകള്‍, ക്ലോക്ക് എന്നിവ ഇല്ലാത്ത ഒരു ഭാരം കുറഞ്ഞ സ്ട്രാപ്പാണിത്. 100 ഡോളറാണ് വില. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കളെ പിന്തുണയ്ക്കുന്ന ഇതിന്റെ പ്രീ-ഓര്‍ഡര്‍ സൗകര്യം നിലവില്‍ ലഭ്യമാണ്. മെയ് 26 മുതല്‍ വില്‍പ്പന ആരംഭിക്കും. 130 ഡോളര്‍ വിലയുള്ള പ്രത്യേക പതിപ്പും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിറ്റ്ബിറ്റ് എയര്‍ എല്ലാ ദിവസവും കൈത്തണ്ടയില്‍ ധരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. നിരന്തരം ഹൃദയമിടിപ്പ് നിരീക്ഷിക്കാനും ഉറക്കത്തിന്റെ ഘട്ടങ്ങള്‍ ട്രാക്ക് ചെയ്യാനും സ്ലീപ്പ് സ്‌കോറുകള്‍ സൃഷ്ടിക്കാനും അസ്വാഭാവിക ഹൃദയമിടിപ്പ് മുന്നറിയിപ്പുകള്‍ അയയ്ക്കാനും ഇതിന് കഴിയും. ഓട്ടോമാറ്റിക് എക്സര്‍സൈസ് ട്രാക്കിങ്ങും സാധ്യമാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, ജിം അധിഷ്ഠിത വ്യായാമങ്ങള്‍ എന്നിവയുള്‍പ്പെടെ 140-ല്‍ അധികം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ ഇതിന് കഴിയും.
