ക്രോം ബ്രൗസറുകളില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗൂഗിള്‍. 2024 ജനുവരി 4 മുതലാണ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിന്ന് കുക്കീസ് നീക്കം ചെയ്യുക. ഇന്റര്‍നെറ്റില്‍ വിവിധ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇന്റര്‍നെറ്റില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനും, ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ പെരുമാറ്റം പിന്തുടരാനും, താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമെല്ലാം കുക്കീസ് ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം, ഉപഭോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ അല്ലാത്ത, മറ്റു വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാര്‍ട്ടി കുക്കീസ് എന്ന് പറയുന്നത്. ഈ കുക്കീസുകളാണ് അടുത്ത വര്‍ഷം മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യുക. കുക്കീസിന് പകരം, ഒട്ടനവധി സുരക്ഷയുള്ള പുതിയ ട്രാക്കിംഗ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഇതിനായി ട്രാക്കിംഗ് പ്രൊട്ടക്ഷന്‍ എന്ന ഫീച്ചറിനാണ് രൂപം നല്‍കുക. ഈ ഫീച്ചര്‍ വിന്‍ഡോസ്, ലിനക്‌സ്, മാക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ജനുവരി 4 മുതല്‍ ലഭിക്കുന്നതാണ്.