സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഏപ്രില്‍ 22ന് സര്‍വകാല റെക്കോഡിലെത്തിയ ശേഷം തുടര്‍ച്ചയായി ദിവസങ്ങളില്‍ കുറയുന്ന പ്രവണതയായിരുന്നു സ്വര്‍ണം കാണിച്ചത്. എന്നാല്‍ ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്‍ വിലയില്‍ 320 രൂപയുടെ വര്‍ധനയുണ്ടായി. ഇന്നത്തെ നിരക്ക് 71,840 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,395 രൂപയാണ്. വെള്ളി വില ഗ്രാമിന് 109 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. നാളെ (ഏപ്രില്‍ 30) അക്ഷയതൃതീയയാണ്. കേരളത്തിലെ ജുവലറികളെല്ലാം പുലര്‍ച്ചെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സ്വര്‍ണവില റെക്കോഡ് നിലയില്‍ നിന്ന് ചെറിയ കുറവുണ്ടായത് വില്പനയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.