കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 600 രൂപ വര്‍ധിച്ച് 58,400 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6,020 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വെള്ളിയുടെ വ്യാപാരം. കഴിഞ്ഞ നവംബര്‍ 14ന് പവന് 55,480 രൂപയിലെത്തിയ ശേഷമാണ് കുറഞ്ഞ ദിവസത്തില്‍ 58,400 രൂപയായത്. ദിവസങ്ങള്‍ക്കുള്ളില്‍ 2,920 രൂപയാണ് പവന് വര്‍ധിച്ചത്. റഷ്യ-യുക്രെയിന്‍ യുദ്ധം, ഓഹരി വിപണിയിലെ അനിശ്ചിതത്വം, യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ശേഷം അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ വില ഇടിയുന്നതും യു.എസ് ഫെഡ് നിരക്കുകള്‍ കുറച്ചേക്കുമെന്ന മുന്നറിയിപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര വില ഔണ്‍സിന് 2,708.90 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.