സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വര്‍ധിച്ച് 7,525 രൂപയും പവന്‍ വില 600 രൂപ വര്‍ധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണ വില 60,000 രൂപ കടക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വിവാഹ പര്‍ച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയില്‍ ഉണ്ടായത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,205 രൂപയുമായി. വെള്ളി വിലയ്ക്ക് ഇന്നും അനക്കിമില്ല. ഗ്രാമിന് 99 രൂപയില്‍ തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില മാറാതെ നില്‍ക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 1.34 ശതമാനം ഉയര്‍ന്ന് 2,744.35 ഡോളറിലെത്തിയിരുന്നു. ഇന്നും നേരിയ നേട്ടത്തിലാണ്. നവംബര്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒക്ടോബര്‍ 31ന് കുറിച്ച ഔണ്‍സിന് 2,790.15 എന്ന റെക്കോഡിന് തൊട്ടടുത്തെത്തി വില. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. അധികം താമസിയാതെ സ്വര്‍ണ വില 3,000 ഡോളര്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.