FB IMG 1674199441141

 

പ്രണയം തകര്‍ന്നതിന്റെ സങ്കടത്തോടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍നിന്നു രക്ഷിച്ച് പോലീസിലും മാതാപിതാക്കള്‍ക്കരികിലും എത്തിച്ച് രണ്ടു യുവാക്കള്‍. പാലക്കാട്ടു നിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാന്‍ ട്രെയിന്‍ കയറിപോയ മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തു പടി സുമിന്‍ കൃഷ്ണനു (20) മാണ് ഇങ്ങനെ രക്ഷകരായത്. പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരാണ് ഇരുവരും.
ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് പതിനെട്ടുകാരി വാതില്‍ക്കല്‍ നിന്നുകൊണ്ടു കരയുന്നതു കണ്ടത്. വിഷ്ണുവും സുമിനും കുട്ടിയോടു കാര്യം തിരക്കി. ഒന്നുമില്ലെന്നായിരുന്നു ആദ്യം മറുപടി. പന്തികേടു തോന്നിയ യുവാക്കള്‍ സൗമ്യമായി വീണ്ടും കാര്യങ്ങള്‍ തിരക്കി. പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടു വിട്ടിറങ്ങിയതാണെന്നു പെണ്‍കുട്ടി വെളിപെടുത്തി.
യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഭക്ഷണവും വാങ്ങിക്കൊടുത്തു. എറണാകുളത്തേക്കാണ് പെണ്‍കുട്ടി ടിക്കറ്റ് എടുത്തിരുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി. പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചു വാങ്ങി. ഫോണ്‍ ഫ്‌ളൈറ്റ് മോഡിലായിരുന്നു. യുവാക്കള്‍ പെണ്‍കുട്ടിയെക്കൊണ്ട് അമ്മയെ വിളിപ്പിച്ചു. മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.
യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് വിവരിച്ചു. പൊലീസിന്റെ നിര്‍ദേശമനുസരിച്ച് ഇവര്‍ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ പറഞ്ഞയച്ചു.
ലുലു മാള്‍ കാണാന്‍ പറ്റിയില്ലെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് വിഷ്ണുവും സുമിനും പറഞ്ഞു. ഹോട്ടലുടമ ലീവ് അനുവദിക്കാത്തതിനാല്‍ തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. ഒരു ദിവസം കൂടി ലീവ് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. അങ്ങനെ ലീവ് തരപ്പെടുത്തി. കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്ഐ നല്‍കി.ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങി. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ച യുവാക്കളെ സ്റ്റേഷന്‍ എസ്എച്ച്ഒ പി. ആര്‍ സന്തോഷ് അഭിനന്ദിച്ചു.രാജ്യത്തുടനീളം അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടര്‍ ഉമ പ്രേമനാണ് ഈ വിശേഷം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *