ലോകത്ത് ഏറ്റവും കൂടുതല്‍ ഉറക്കക്കുറവ് നേരിടുന്ന ആളുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. 93 ശതമാനം ഇന്ത്യക്കാരും ഉറക്കക്കുറവ് നേരിടുന്നുണ്ടെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന് ഒരു പ്രധാന കാരണം ആസിഡ് റിഫ്‌ലക്‌സ് ആണ്. ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്സ് രോഗം അഥവാ ക്രോണിക് ആസിഡ് റിഫ്ലക്സ് ഏകദേശം എട്ട് ശതമാനം മുതല്‍ 30 ശതമാനം വരെ ഇന്ത്യക്കാരെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിലേക്ക് നയിക്കും. ആസിഡ് റിഫ്‌ലക്‌സ് കാലക്രമേണ ആവര്‍ത്തിച്ച് സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്സ്. ഇത് ഉറക്കക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്സ് രോഗം ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്നമാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തുക, സമ്മര്‍ദം നിയന്ത്രിക്കുക എന്നിവയാണ് ഇത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ശീലിക്കുക. ഇത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ഉറക്കത്തിനും ഇത് പ്രയോജനപ്പെടും. ശരിയായ ദഹനം നടക്കാനും ആസിഡ് റിഫ്ലക്‌സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക.