murmu 1

യുവജനങ്ങള്‍ രാജ്യത്തിനും ജനക്ഷേമത്തിനുമായി പ്രവര്‍ത്തിച്ച് 2047 ആകുമ്പോഴേക്കും രാജ്യത്തെ കെട്ടിപ്പടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പവുമായി രാജ്യം മുന്നോട്ടു പോകണം. വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാം തിരിച്ചുപിടിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണ്. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

ഇന്ന് ഓഗസ്റ്റ് 15, തിങ്കളാഴ്ച. സ്വാതന്ത്ര്യദിനം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍.

ത്രിവര്‍ണ പതാകകള്‍ ഉയര്‍ന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി 141 കോടി ഇന്ത്യക്കാര്‍. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്നു രാവിലെ ഏഴരയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തിയാണ് ആഘോഷം.

പാലക്കാട് മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്നു. 39 വയസായിരുന്നു. രാത്രി ഒമ്പതിനു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലങ്കാരങ്ങള്‍ റോഡരികില്‍ ഒരുക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ആറുചാമിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഷാജഹാന്‍. ആര്‍എസ്എസ് പ്രവര്‍ത്തകരാണു കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. മരുതറോഡ് പഞ്ചായത്തില്‍ ഇന്നു സിപിഎം ഹര്‍ത്താല്‍. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സിപിഎം. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കിയാണ് ആദ്യഘട്ട ഒരുക്കങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ഏകോപനത്തിനു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളേയും ചുമതലപ്പെടുത്തും. പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംസ്ഥാന കമ്മിറ്റിക്കു നല്‍കണം.

ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് 50 സെന്റീ മീറ്റര്‍ വീതം തുറക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി.

കെ. സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടിതട്ടിയെടുക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഏകാധിപതിയെന്ന ഹുങ്കും അസഹിഷ്ണതയുമാണു നാം കാണുന്നത്. മാറി മാറി വന്ന ഇടത് സര്‍ക്കാരുകള്‍ അന്വേഷിച്ചിട്ട് ഒരു തുമ്പും കണ്ടെത്താത്ത കേസാണിത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ അടയ്ക്കുകയാണ്. ബ്രിട്ടിഷ് ഭരണത്തെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *