രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് അടക്കം നാലു കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസുകാരാണ് ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചതെന്ന് എസ്പി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയില്‍നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.
ഓണക്കാലത്തു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങുന്നു. ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉല്‍സവബത്ത തുടങ്ങിയവ നല്‍കാന്‍ എണ്ണായിരം കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ചെലവാക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ കടമെടുക്കാനാകൂ.
മലയാളികളായ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടിയവര്‍ക്കു സമ്മാനങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക നല്‍കിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കൊല്ലം താന്നിയില്‍ ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയില്‍നിന്നു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പണം നല്‍കിയില്ലെങ്കില്‍ അഭിഭാഷകന്‍ പിന്‍വാങ്ങുമോയെന്നു ശങ്കയുണ്ട്. ഫീസ് കിട്ടാത്തതിനാല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന പി ഗോപിനാഥ് പിന്‍വാങ്ങിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസ്റ്റാണെന്നും അധികാരത്തില്‍നിന്നു പുറത്താക്കാന്‍ പോരാട്ടം തുടരുമെന്നും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പിസി ജോര്‍ജ്. ഈ പോരാട്ടം ഗൂഢാലോചനയാണെില്‍ ആ ഗൂഢാലോചന തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഡാലോചന ആരോപിച്ചുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോര്‍ജിന്റെ ഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കേയാണ് ഈ പ്രതികരണം.
ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുള്ള കമ്മീഷന്‍ ഉടനേ വേണമെന്നു റേഷന്‍ വ്യാപാരികളുടെ സംഘടന. കുടിശികയായ 60 കോടി രൂപ നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരുകയാണ്. കൊവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ വിതരണം ചെയ്തിട്ടില്ല.
ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് നന്ദു എന്ന യുവാവു മരിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികളില്‍ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ചു മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കൊച്ചിയില്‍ ഫ്ളാറ്റുകള്‍ക്കു പോലീസ് നിയന്ത്രണം. എല്ലാ ഫ്ളാറ്റിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. താമസക്കാരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സൂക്ഷിക്കണം. വാടകയ്ക്കു നല്‍കുന്നതിനു മുമ്പ് പോലീസിന്റെ ക്ളിയറന്‍സ് നേടണമെന്നും പൊലീസ് കമ്മീഷണര്‍. പാലിക്കാത്തവരെ കേസില്‍ പ്രതികളാക്കുമെന്നും മുന്നറിയിപ്പ്.