തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഉയര്‍ന്നുതുടങ്ങി. ഡിസംബര്‍ രണ്ടിന് അവസാനിച്ചവാരം ശേഖരം 1,102 കോടി ഡോളര്‍ ഉയര്‍ന്ന് 56,116 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ നാലാംവാരമാണ് വിദേശ നാണയശേഖരം ഉയരുന്നത്. മുന്‍മാസങ്ങളില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ശേഖരം എക്കാലത്തെയും ഉയരമായ 64,245 കോടി ഡോളറില്‍ എത്തിയിരുന്നു. രൂപ തളര്‍ന്നുതുടങ്ങിയതോടെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ 52,400 കോടി ഡോളറിലേക്ക് ശേഖരം കൂപ്പുകുത്തിയിരുന്നു. വിദേശ നാണയആസ്തി (എഫ്.സി.എ) കഴിഞ്ഞവാരം 969.4 കോടി ഡോളര്‍ വര്‍ദ്ധിച്ച് 49,698.4 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 108.6 കോടി ഡോളര്‍ മുന്നേറി 4,102.5 കോടി ഡോളറിലുമെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട്, യൂറോ, യെന്‍ തുടങ്ങിയവയുമുണ്ട്.