പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. എല്ലാത്തരം ഭക്ഷണങ്ങളും നിങ്ങളുടെ പല്ലുകള്‍ക്ക് അനുയോജ്യമല്ല. ചിലത് സ്വാഭാവികമായി നിങ്ങളുടെ ഇനാമലിനെ സംരക്ഷിക്കും. പല്ലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ചീസില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം നിങ്ങളുടെ വായിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ ഇവ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം, ഫോളിക് ആസിഡ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ബദാം, വാള്‍നട്‌സ്, കശുവണ്ടി തുടങ്ങിയ നട്‌സുകളില്‍ പഞ്ചസാര കുറവും ധാതുക്കള്‍ കൂടുതലുമാണ്. ഇവ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ബാക്ടീരിയകളെ ചെറുക്കുകയും നിങ്ങളുടെ വായിലെ ആസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന പോളിഫെനോളുകള്‍ ചായകളില്‍ അടങ്ങിയിട്ടുണ്ട്. ഇനി പല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം. സ്റ്റിക്കി മിഠായികള്‍, പഞ്ചസാര അടങ്ങിയ സോഡകളും എനര്‍ജി ഡ്രിങ്കുകളും, വൈറ്റ് ബ്രെഡ്, സിട്രസ് പഴങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലത്.