ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വര്‍ദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയര്‍ വര്‍ഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങള്‍, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തില്‍ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയില്‍ ജനുവരി മാസത്തിന് ശേഷം അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം ചൂട് കുത്തനെ കൂടിയതോടെ ചരക്ക് നീക്കം പ്രതിസന്ധിയിലായതും വില കൂടാന്‍ കാരണമായി. ഇഞ്ചി, വെളുത്തുള്ളി, ബീന്‍സ് എന്നിവയുടെ വിലയും കുത്തനെ കൂടി. ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.8 ശതമാനത്തിന് അടുത്തേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മേയിലെ നാണയപ്പെരുപ്പം കുത്തനെ കൂടാനാണ് സാദ്ധ്യതയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രിയ്ക്ക് മുകളിലെത്തിയതിനാല്‍ കനത്ത ഉത്പാദനത്തകര്‍ച്ചയാണ് നേരിട്ടത്. വിലക്കയറ്റം പിടിച്ചുനിറുത്താനായി പച്ചക്കറികള്‍, ധാന്യങ്ങള്‍, സവാള, അരി, ഗോതമ്പ് തുടങ്ങിയവയുടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ശക്തമാക്കിയേക്കും. വിപണിയില്‍ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്തുന്നതിനാകും സര്‍ക്കാര്‍ മുന്‍ഗണനയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.