നെല്ലു സംഭരണം ഇന്നു പുനരാരംഭിക്കും. മില്ലുടമകള്‍ രണ്ടാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മില്ലുടമകളുടെ ആവശ്യങ്ങള്‍ക്കു മൂന്ന് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്നു ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കി. 54 മില്ലുടമകള്‍ നെല്ലു സംഭരിക്കാതെ സമരത്തിലായതിനാല്‍ കര്‍ഷകരുടെ നെല്ല് കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുകയായിരുന്നു.

പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി മെഗാ ‘റോസ്ഗര്‍ മേള’ എന്ന തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് ധനമന്ത്രി ക്വാസി കാര്‍ട്ടെംഗ് രാജിവച്ചത്. ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവച്ചു.

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി 33 ാം തവണയും മാറ്റി. വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റി വച്ചത്. കേസ് നവംബര്‍ അവസാനത്തോടെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്.

മന്ത്രി വീണാ ജോര്‍ജിനെതിരെ കോടതി ഉത്തരവനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസെടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമുള്ള പരാതിയില്‍ എറണാകുളം എസിജെഎം കോടതി ഉത്തരവനുസരിച്ചാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നന്ദകുമാറിനെതിരെ കേസെടുത്തു ജയിലിലടച്ചിരുന്നു.

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ പരാതി ഉന്നയിക്കാന്‍ വൈകിയത് കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരി തടവിലായിരുന്നില്ല. ആദ്യം നല്‍കിയ മൊഴിയിലും പരാതിയിലും ബലാത്സംഗ കാര്യമില്ല. എല്‍ദോസുമായി വിവാഹ ബന്ധം സാധ്യമല്ലെന്ന് പരാതികാരിക്കു ബോധ്യമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധവും നിരന്തര ആശയവിനിമയവും ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലല്ലെന്നും നാളെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍. എംഎല്‍എ ഒളിവിലല്ലാത്തതിനാലാണ് ജാമ്യം കിട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയാണെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് യുവനടി പൊലീസില്‍ പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.

ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍. അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനേയും സഹോദരനേയും മര്‍ദിച്ച് കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രതികളായ എസ്എച്ച്ഒ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെന്‍ഡ് ചെയ്തത്. പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരങ്ങള്‍ക്കു വിനോദ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൊച്ചി കോര്‍പ്പറേഷന്റെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നു കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് വെളിപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *