അരലക്ഷം വിനോദസഞ്ചാരികള്ക്കു വിമാന ടിക്കറ്റു ഫ്രീ. ചൈനയിലെ ഹോങ്കോംഗ് നഗരത്തിലേക്കു വരുന്ന വിനോദ സഞ്ചാരികള്ക്കാണ് ആഗോള പബ്ലിസിറ്റിയിടെ ഭാഗമായി അമ്പതിനായിരം വിമാന ടിക്കറ്റ് സൗജന്യമായി സമ്മാനിക്കുന്നത്. ‘ഹലോ ഹോങ്കോംഗ്’ എന്നു പേരിട്ട ഈ ക്യാമ്പയിന് മാര്ച്ച് ഒന്നിന് ആരംഭിക്കും. ഹോങ്കോംഗിലെ വിനോദ സഞ്ചാര മേഖലയെ ഉണര്ത്താന് 2,498 കോടി രൂപ വിലവരുന്ന വിമാന ടിക്കറ്റുകളാണു നല്കുന്നത്. ഹോങ്കോംഗിന്റെ നേതാവ് ജോണ് ലീ ആണ് ഈ പദ്ധതിക്കു നേതൃത്വം നല്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഹോങ്കോംഗ് കോവിഡ് പടര്ന്നു പിടിച്ചതോടെ നിര്ജീവാവസ്ഥയിലായി. തളര്ന്നുപോയ സാമ്പത്തിക മേഖല ഉണര്ത്താന് വിനോദസഞ്ചാരത്തെ വീണ്ടെടുക്കണം. കോവിഡിനു മുമ്പ്, അഞ്ചര കോടി വിനോദ സഞ്ചാരികള് എത്തിയിരുന്ന ഹോങ്കംഗില് കഴിഞ്ഞ വര്ഷം കൊവിഡ് നിയന്ത്രണങ്ങള് ഒഴിവാക്കിയിട്ടും വെറും ആറു ലക്ഷം സന്ദര്ശകര് മാത്രമാണ് എത്തിയത്. കോവിഡിനു മുമ്പ് 2019 ല് തുടര്ച്ചയായി ഉണ്ടായ പ്രതിഷേധ സമരങ്ങള് ഹോങ്കോംഗിന്റെ വിനോദസഞ്ചാരത്തെ തളര്ത്തിയിരുന്നു. വിനോദസഞ്ചാര മേഖലയെ സജീവമാക്കാന് സൗജന്യമായി നല്കുന്ന എയര് ടിക്കറ്റുകളില് ഭൂരിഭാഗവും കാഥേ പസഫിക് എയര്വേസും അതിന്റെ എയര്ലൈന് എച്ച്കെ എക്സ്പ്രസും ആണ് വിതരണം ചെയ്യുന്നത്. ട്രാവല് ഏജന്സികള് അന്താരാഷ്ട്ര ടൂറിസ്റ്റുകള്ക്ക് കൈമാറും. ഇതുപോലൊരു പദ്ധതി നമ്മുടെ നാട്ടിലുണ്ടാകുമോ? ദേ, ഇങ്ങോട്ടു നോക്കൂ, ടിക്കറ്റ് ഫ്രീയാണെങ്കില് വേറെ ഒന്നും ചിന്തിക്കാനില്ല, പറക്കാം ഹോങ്കോംഗിലേക്ക്.
ഹോങ്കോംഗിലേക്കു പറക്കാം, ഫ്രീയായി
