പിവിആര്‍ എന്ന മള്‍ട്ടിപ്ലെക്സ് ശൃംഖല കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചു. പിവിആര്‍ മലയാള ചിത്രങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഡിജിറ്റല്‍ കോണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് പിവിആര്‍ മലയാള സിനിമകളോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമകള്‍ ഡിജിറ്റല്‍ കോണ്ടന്റ് മാസ്റ്ററിംഗ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികള്‍ ആയിരുന്നു. ഇത്തരം കമ്പനികള്‍ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന സ്വന്തമായി പ്രൊഡ്യൂസേഴ്സ് ഡിജിറ്റല്‍ കോണ്ടന്റ് എന്ന പേരിൽ മാസ്റ്ററിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മ്മിക്കുന്ന തിയറ്ററുകള്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ മാളില്‍ പിവിആര്‍ ആരംഭിച്ച പുതിയ മള്‍ട്ടിപ്ലെക്സിലും ഈ സംവിധാനം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിലവിലെ തര്‍ക്കം ആരഭിച്ചത്.
നിലപാട് പ്രഖ്യാപിച്ച് ഫെഫ്ക
