അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് അര ശതമാനം കുറച്ചതിനു പിന്നാലെ ഔണ്‍സിന് 30 ഡോളറോളം വര്‍ധിച്ച് സ്വര്‍ണവില 2,600 ഡോളറെന്ന റെക്കോഡിലെത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് ശക്തമായതോടെ താഴേക്ക് പോയി. നിലവില്‍ 0.07 ശതമാനം ഉയര്‍ന്ന് 2,561 ഡോളറിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണ വില താഴ്ന്നതോടെ കേരളത്തിലും വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,825 രൂപയും പവന്‍ വില 200 താഴ്ന്ന് 54,600 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ താഴ്ന്ന് 5,665 രൂപയായി. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 95 രൂപ. കോവിഡ് 19 മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം മുറുകുന്നത് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് കളമൊരുക്കുന്നുണ്ട്.