ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര: പാര്‍ട്ട് 1’ ലെ ആദ്യ ഗാനം പുറത്തെത്തി. ഫിയര്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികള്‍. ആലാപനവും അനിരുദ്ധ് ആണ്. രത്‌നവേലു ഐഎസ്‌സി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് ആണ്. നന്ദമുറി തരക റാമറാവു ആര്‍ട്‌സ്, യുവസുധ ആര്‍ട്‌സ് എന്നീ ബാനറുകളില്‍ സുധാകര്‍ മിക്കിലിനേനി, കോസരാജു ഹരികൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1. 2024 ഒക്ടോബര്‍ 10 ആണ് ചിത്രത്തിന്റെ റിലീസ് തീയതി. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സിന് ആണ്.