കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ ശ്രദ്ധ പിടിച്ചുപറ്റി അതിവേഗ ചാര്‍ജിങ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്. കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കേരളത്തില്‍ തന്നെ അസംബ്ലി ചെയ്യുന്ന ലാന്‍ഡി ഇ ഹോഴ്സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്റെ വാണിജ്യ അവതരണത്തിന്റെ ഉദ്ഘാടനം സമ്മിറ്റില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് നിര്‍വഹിച്ചിരുന്നു. ഉടമ എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് മാത്യു ജോണിന് വാഹനം കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ ഡിസ്‌കിന്റെ സാങ്കേതിക സഹായത്തോടെയാണ് ബൈക്കിന്റെ ബാറ്ററി തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതയുള്ള അഞ്ചാം തലമുറ എല്‍ടിഒ പവര്‍ ബാങ്ക് ഉപയോഗിച്ചുകൊണ്ടുള്ള ബൈക്കുകളാണ് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്സ് കോര്‍പ്പറേഷന്‍ അവതരിപ്പിക്കുന്ന ലാന്‍ഡി ഈ ഹോഴ്സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്. ഇതിന് അഞ്ചു മുതല്‍ 10 മിനിറ്റ് കൊണ്ട് ഫ്ലാഷ് ചാര്‍ജിങ് എന്ന സംവിധാനത്തിലൂടെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല വീടുകളില്‍ നിന്നും 16 എഎംപി പവര്‍ ലഭ്യമായ എവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.