വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. താരത്തിന്റെ പുതിയ ചിത്രം ‘വേട്ടയ്യനി’ലെ ലുക്കും അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. ‘ഇന്ത്യന്‍ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും ഷഹന്‍ഷാ അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബര്‍ത്ത്ഡേ ബോയ് ഫഹദ് ഫാസില്‍’- എന്നാണ് ചിത്രം പങ്കുവച്ച് ലൈക്ക പ്രൊഡക്ഷന്‍സ് കുറിച്ചിരിക്കുന്നത്. ഫഹദിന്റെ തോളില്‍ കൈവച്ച് നില്ക്കുന്ന തലൈവരെയും ബിഗ് ബിയെയുമാണ് ചിത്രത്തില്‍ കാണാനാവുക. ഒരു കോമഡി കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്ത് ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രജിനിയും ഫഹദും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. അമിതാഭ് ബച്ചന്, റാണ ദഗുബതി, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ 10ന് ചിത്രം റിലീസ് ചെയ്യും.