പൊതുമേഖല സാഥാപനമായ ഫാക്ട് ചരിത്രത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവിലേയ്ക്ക്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 3 പാദങ്ങളില്‍ നിന്നു കമ്പനി നേടിയത് 4949 കോടി രൂപയുടെ വിറ്റുവരവ്; ലാഭം 447 കോടി രൂപ. അവസാന പാദത്തിലെ കണക്കുകള്‍ കൂടി പുറത്തു വരുമ്പോള്‍ മൊത്ത വരുമാനം 5,000 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിടുമെന്നാണു വിലയിരുത്തല്‍. ദീര്‍ഘകാലമായി നഷ്ടത്തിലായിരുന്ന ഫാക്ട് സമീപ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കിയിരിക്കെ, ഫാക്ട് ഉല്‍പാദിപ്പിച്ചത് 9.7 ലക്ഷം ടണ്‍ രാസവളം. മൊത്തം ഉല്‍പാദനം 10 ലക്ഷം ടണ്‍ കടക്കുമെന്നാണു പ്രതീക്ഷ. രാസവളം ഉല്‍പാദനം 15 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമ്പലമേട് കൊച്ചിന്‍ ഡിവിഷനില്‍ സജ്ജമാക്കുന്ന പുതിയ പ്ലാന്റിന്റെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും. അതോടെ, 5 ലക്ഷം ടണ്‍ വളം കൂടി ഉല്‍പാദിപ്പിക്കാന്‍ ഫാക്ടിനു കഴിയും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വളം ലഭ്യത ഏതു കാലത്തും ഉറപ്പാക്കാനും അതു സഹായിക്കും. നിലവില്‍ 10 ലക്ഷം ടണ്ണാണു ശേഷി.