എഫ്77 സൂപ്പര്‍ സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി അള്‍ട്രാവയലറ്റ്. സൂപ്പര്‍ബൈക്ക് ഇവിയായ എഫ് 77 മാക് 2 മോട്ടോര്‍ സൈക്കിളിന്റെ മോഡലായാണ് എഫ്77 സൂപ്പര്‍സ്ട്രീറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. എഫ്77 മാക് 2വിനു മാത്രമല്ല എഫ്77 സൂപ്പര്‍സ്ട്രീറ്റിനും 2.99 ലക്ഷം മുതല്‍ 3.99 ലക്ഷം രൂപ വരെയാണ് വില. പുതിയ ഇവി സൂപ്പര്‍ബൈക്കിന്റെ ബുക്കിങ് അള്‍ട്രാവയലറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചില്‍ ഉടമകളുടെ കൈകളിലെത്തും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ സ്റ്റാന്‍ഡേഡ്, റെക്കോണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് എംഫ്77 സൂപ്പര്‍സ്ട്രീറ്റിന്റെ വരവ്. സൂപ്പര്‍സ്ട്രീറ്റ് നാലു നിറങ്ങളിലാണെത്തുന്നത്. മഞ്ഞ, ടര്‍ബോ റെഡ്, കോസ്മിക് ബ്ലാക്ക്, സ്റ്റെല്ലാര്‍ വൈറ്റ് എന്നിവയാണവ. വലിയ ബാറ്ററി പാക്കില്‍ 323 കിലോമീറ്ററാണ് റേഞ്ച്. കുറഞ്ഞ വകഭേദത്തിലെ 7.1കിലോവാട്ട് ബാറ്ററി പാക്കില്‍ 211 കിലോമീറ്ററാണ് റേഞ്ച്. 36 ബിഎച്ച്പി കരുത്തും 90എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറത്തെടുക്കുക. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്ക് 2.9 സെക്കന്‍ഡില്‍ കുതിക്കും. 10.3 കിലോവാട്ട് ബാറ്ററിയാണ് റെക്കോണ്‍ മോഡലിലുള്ളത്. ഇത് 40എച്ച്പി കരുത്തും 100എന്‍എം ടോര്‍ക്കും പുറത്തെടുക്കും.