അതിതീവ്ര ചൂട് കാരണം പലവിധത്തിവുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് അതില്‍ പ്രധാനം. ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍ധിപ്പിക്കേണ്ടതിനും വേനല്‍ക്കാലത്ത് നമ്മുടെ ഹൃദയം കൂടുതല്‍ പണിയെടുക്കേണ്ടി വരും. ഇത് ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഉഷ്ണ തരംഗം നേരിട്ട് അപകടമുണ്ടാക്കുക മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. വെള്ളം നന്നായി കുടിക്കുന്നത് ചൂടുകാലാവസ്ഥയില്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്താന്‍ സഹായിക്കും. അമിത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നതും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. അതിതീവ്ര ചൂടിനെ ചെറുക്കുന്നതിന് ശരീരം ‘തെര്‍മോറെഗുലേഷന്‍ മെക്കാനിസം’ ഉപയോഗപ്പെടുത്തും. ശരീരം തണുപ്പിക്കുന്നതിന്, വിയര്‍പ്പ് വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ആരോഗ്യമുള്ള ഹൃദയമുള്ളവര്‍ക്ക് ഈ സമ്മര്‍ദ്ദം സഹിക്കാമെങ്കിലും, ഹൃദ്രോഗികള്‍ക്ക് ഈ അവസ്ഥ ഉയര്‍ന്ന അപകടസാധ്യതയുണ്ടാക്കും. ഉയര്‍ന്ന താപനില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. വേനല്‍ക്കാലത്ത് ഡൈയൂററ്റിക്സ് പോലുള്ള ചില മരുന്നുകള്‍ കഴിക്കുന്ന രോഗികളില്‍ ക്ഷീണവും നിര്‍ജ്ജലീകരണവും അനുഭവപ്പെടാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേനല്‍ക്കാലത്ത് ഈ മരുന്നുകളുടെ അളവു ക്രമീകരിക്കുന്നത് നല്ലതാണ്. അതിതീവ്ര ചൂടില്‍ കഠിനമായ വ്യായാമമോ ശാരീരിക പ്രവര്‍ത്തനമോ ചെയ്യുന്നത് ഒഴിവാക്കാം. അതിതീവ്ര ചൂട് സമയത്ത് പുറത്തിറങ്ങുന്നത് ഹൃദ്രോഗികളില്‍ തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമാകും. കഠിനമായ വിയര്‍പ്പ്, ബലഹീനത, തണുത്തതും ഇറുകിയതുമായ ചര്‍മ്മം, ബോധക്ഷയം, ഛര്‍ദ്ദി എന്നിവ ഉഷ്ണ തരംഗത്തിനിടയിലുള്ള ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.
അതിതീവ്ര ചൂട്, ഹൃദയത്തിന് പണി കൂടുതലെടുക്കണം
