പൈലറ്റുമാരുടെ അഭാവം മൂലം വെട്ടിലായതോടെ പത്ത് ശതമാനം വിമാനങ്ങള്‍ കൂടി റദ്ദാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ വിസ്താര. ഇതിന്റെ ഭാഗമായി പ്രതിദിനം 25-30 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിലില്‍ ഇതിനോടകം 150ലേറെ വിമാനങ്ങള്‍ കമ്പനി റദ്ദാക്കിയിരുന്നു. പ്രതിദിനം 350 ഓളം വിമാന സര്‍വീസുകളാണ് എയര്‍ലൈന്‍ നടത്തുന്നത്. ശൈത്യകാലത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ആഴ്ചയില്‍ 22 ശതമാനം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ അഭാവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 150ലേറെ വിമാനങ്ങള്‍ റദ്ദാക്കാന്‍ വിസ്താര നിര്‍ബന്ധിതരായി. എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായി ഫെബ്രുവരി പകുതിയോടെ പൈലറ്റുമാര്‍ക്ക് പുതിയ ശമ്പള ഘടന എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ പലതും അവസാനിപ്പിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെയായിരുന്നു പുതിയ പരിഷ്‌കാരം. ഇതില്‍ കടുത്ത അതൃപ്തിയാണ് പൈലറ്റുമാര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് ഒട്ടേറെ പൈലറ്റുമാര്‍ പ്രതിഷേധ അവധിയില്‍ പോയതോടെ കമ്പനി പ്രതിസന്ധിയിലായി. പിന്നാലെയാാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയത്.