ഏപ്രില്‍ 11ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. പുതിയ പഠനങ്ങളനുസരിച്ച്, ഓരോ ആറ് മിനിറ്റിലും ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് (പിഡി) രോഗം നിര്‍ണയിക്കുന്നുണ്ട്. കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുക വഴി ഞരമ്പുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ്. തലച്ചോറിലെ സുപ്രധാനമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കാണ് പ്രധാനമായും ഇത്തരത്തില്‍ നാശം സംഭവിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ ചിലരില്‍ 40 വയസ്സിന് മുന്‍പേ ആരംഭിക്കാം. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ലെങ്കിലും എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയില്‍ തന്നെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകാം. അനിയന്ത്രിതമായ ശരീര ചലനങ്ങള്‍, ചലനങ്ങള്‍ മന്ദഗതിയിലാകല്‍, ശരീരത്തിന്റെ ബാലന്‍സിലും ഏകോപനത്തിലും വരുന്ന താളപ്പിഴകള്‍, ശരീരത്തിന്റെ പിരിമുറക്കം എന്നിവയെല്ലാമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചില ലക്ഷണങ്ങള്‍. കാലുകള്‍, കൈകള്‍, താടി, തല എന്നിവയ്ക്ക് വരുന്ന വിറയലാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രാഥമികമായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വ്യക്തികളുടെ ചലനശേഷിയെയും പതിയെ പാര്‍ക്കിന്‍സണ്‍സ് ബാധിച്ച് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത് എന്ന് വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനിതകമായ കാരണങ്ങള്‍ മൂലമാവാം ഇവരില്‍ ഈ രോഗം ഉണ്ടാകുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും. ഈ രോഗം ഓര്‍മയെയും ചലനത്തെയും ബാധിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തും. വിഷാദരോഗം, ഉത്കണ്ഠ എന്നിവയിലേക്ക് ഇത് നയിക്കാം.