◾മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനുമെതിരേ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വേദിയിലും സദസിലും ബഹളമുണ്ടാക്കി തന്റെ പ്രസംഗം തടസപ്പെടുത്തി. വേദിയിലിരുന്ന ഇര്ഫാന് ഹബീബ് എഴുന്നേറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന തനിക്കരികിലേക്കു വന്നത് ആക്രമിക്കാനാണ്. സദസില്‍നിന്നു ബഹളമുണ്ടാക്കിയവര്ക്കെതിരേ നടപടിക്കു ശ്രമിച്ച പോലീസിനെ വേദിയിലുണ്ടായിരുന്ന രാഗേഷ് ഇറങ്ങിച്ചെന്നു തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇക്കാര്യം ആരോപിച്ചത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയ രണ്ടു പേരെ അറസ്റ്റു ചെയ്ത പോലീസ്, ഗവര്‍ണര്‍ക്കെതിരേ അതിക്രമം നടത്തിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്ന് ഗവര്‍ണര്‍ ചോദിച്ചു.
◾ഗവര്‍ണറുടെ പ്രവര്‍ത്തനം തടയുന്നത് ഏഴു വര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന ഗുരുതര കുറ്റമാണെന്നു ഭരണഘടനാ വരികള്‍ വായിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. അതിക്രമം നടത്തിയവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. കേസെടുക്കുന്നതു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉന്നതോദ്യോഗസ്ഥനുമാണ് തടഞ്ഞത്. മന്ത്രി കുറ്റം ചെയ്താല്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കും. കുറ്റം ചെയ്ത ഉദ്യോഗസ്ഥനെ പുറത്താക്കി അയാളടക്കമുള്ള അക്രമികള്‍ക്കെതിരേ നിയമ നടപടിയെടുക്കുകയും വേണം. ഗവര്‍ണറെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്നു കരുതരുത്.
◾മുഖ്യമന്ത്രി പിണറായി വിജയന് സ്വജനപക്ഷപാതവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിച്ചതിനു തെളിവായി ഏതാനും കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ പുനര്നിയമിക്കുന്നതിനു മുഖ്യമന്ത്രി നേരിട്ടുവന്ന് തന്നോടു പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ മുഖ്യമന്ത്രി കൈമാറിയ മൂന്നു കത്തുകളുടെ പകര്‍പ്പുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സമിതിയാണ് നിയമനം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധവും അഴിമതിയുമാണ്. ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമ ഭേദഗതി നിയമത്തിലും ലോകായുക്ത ഭേദഗതി നിയമത്തിലും ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലോകായുക്ത ബില്ലില്‍ നേരത്തെ ഒപ്പുവച്ചതായിരുന്നു. കാലാവധി കഴിഞ്ഞതോടെ നിയമസഭ പാസാക്കട്ടെയെന്ന് നിലപാടെടുക്കുകയായിരുന്നു. രണ്ടു ഭേദഗതി നിയമങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. സര്‍വകലാശാലകളുടെ സ്വയം ഭരണത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാരിലെ ഉന്നതന് രാജ്ഭവനില്‍ വന്ന് ഉറപ്പുതന്നിരുന്നു. എന്നാല്‍ വിസി നിയമന സ്ക്രീനിംഗ് സമിതിയിലേക്കു സര്‍ക്കാരിന്റെ രണ്ടു പേരെകൂടി ഉള്‍പെടുത്തി നിയമഭേദഗതി നടത്തുകയാണ് ചെയ്തത്. സര്‍വകലാശാലകളെ ഇങ്ങനെ പിടിച്ചടക്കാന്‍ അനുവദിക്കില്ല. ഗവര്‍ണര്‍ പറഞ്ഞു.
◾മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിന് ഒരു മണിക്കൂര്‍ മമ്പ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കു ക്ഷണിക്കാനാണ് സന്ദര്‍ശിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. രാജ്ഭവനില്‍ 12 മിനിറ്റു മാത്രമായിരുന്നു കൂടിക്കാഴ്ച. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചയച്ചതാണെന്ന വ്യാഖ്യാനവുമുണ്ട്. പക്ഷേ, അനുനയ ശ്രമങ്ങള്‍ ഫലിച്ചില്ല.
◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കണ്ടതില്‍ തെറ്റില്ലെന്നു ഗവര്‍ണര്‍. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. ആര്‍എസ്എസുമായി 1986 മുതല്‍ ബന്ധമുണ്ട്. മാധ്യമങ്ങളോടു കടക്കൂ പുറത്ത് എന്നു താന്‍ പറയില്ലെന്നും ഗവര്‍ണര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, മുന്‍മന്ത്രി കെ.ടി. ജലീല്‍ എന്നിര്വക്കെതിരേയും ഗവര്‍ണര്‍ ശക്തമായി വിമര്‍ശിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ഗവര്‍ണര്‍ക്കു മാനസിക വിഭ്രാന്തിയാണെന്നും രാജിവയ്ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. താന്‍ ആര്‍എസ്എസുകാരനാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയവരെ വിലക്കുകയാണ് കെ.കെ. രാഗേഷ് ചെയ്തതെന്നും ജയരാജന് അവകാശപ്പെട്ടു.
◾ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ലോകായുക്ത, സര്‍വകലാശാലാ ഭേദഗതി ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കുന്നതു തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന് പറഞ്ഞു. രണ്ടുകൂട്ടരും നടത്തുന്നത് നാടകമാണ്. സതീശന് പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന് സ്വജനപക്ഷപാതവും അഴിമതിയും കാണിച്ചെന്നാണ് ഗവര്‍ണര്‍ തെളിവുകള്‍ സഹിതം ആരോപിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രി രാജിവയ്ക്കണം. കെ.കെ. രാഗേഷിനെ അറസ്റ്റുചെയ്യണം. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിതെന്നും സുരേന്ദ്രന്.
◾സ്ഥാനത്തിനനുസരിച്ചു ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് നിയമമന്ത്രി പി രാജീവ്. ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാന്‍സലര്‍ക്കുള്ളൂവെന്നും പി രാജീവ് പറഞ്ഞു.
◾എലിസബത്ത് രാജ്ഞിക്ക് വിട. 70 വര്‍ഷം ബ്രിട്ടന്റെ രാജ്ഞിയായ എലിസബത്ത് രാജ്ഞിക്കു നൂറോളം രാഷ്ട്രമേധാവികളുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ലോകം അന്ത്യയാത്രയേകി. രാഷ്ട്രപതി ദ്രൗപതി മൂര്‍മു ചടങ്ങില്‍ പങ്കെടുത്തു. വൈകീട്ട് അഞ്ചു മണിയോടെ വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടണ്‍ ആര്‍ച്ചില്‍ എത്തിക്കും. രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങില്‍ മൃതദേഹം സെന്റ് ജോര്‍ജ് ചാപ്പലില്‍ സംസ്കരിക്കും. സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്.
◾ഡോളര്‍കടത്തു കേസില്‍ മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും മകളുടേയും മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നേരത്തെ ജോലി ചെയ്തിരുന്ന എച്ച്ആര്‍ഡിഎസ്. ഡോളര്‍ കടത്തു കേസില്‍ സരിത്തും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കി. എന്നാല്‍ ബാഗിന്റെ ഉടമസ്ഥനായ മുഖ്യമന്ത്രിയുടെ മൊഴിയെടുത്തില്ല. ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തു പരാതി നല്‍കും. എന്നിട്ടും മൊഴിയെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച് ആര്‍ഡിഎസ്.
◾മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ തനിക്കെതിരേ തെളിവില്ലെന്നു വാദിച്ച് ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കൂവെന്നുമാണ് ഹര്‍ജിയിലെ വാദം.
◾മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയോട് പങ്കുവച്ച് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍. മണ്ണെണ്ണയ്ക്കു 140 രൂപയാണു വില. വിലക്കയറ്റംമൂലം ബോട്ടുകളില്‍ മല്‍സ്യബന്ധനത്തിനു പോകുന്നതു ചെലവേറിയെന്നും യുവാക്കള്‍ക്കു തൊഴില്‍ ഇല്ലെന്നും അവര്‍ പരാതിപ്പെട്ടു.
◾കെ.എം ഷാജിയുടെ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കു മുസ്ലിം ലീഗില്‍ വെടിനിര്‍ത്തല്‍. സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കെ.എം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഷാജിയോടു പറയാനുള്ളതു പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
◾കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ആത്മഹത്യ സംഭവത്തില്‍ ഭര്‍ത്താവായ അഭിഭാഷകനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. കണ്ണന് നായരാണ് അറസ്റ്റിലായത്. ഡയറിക്കുറിപ്പുകള്‍ പരിശോധിച്ചശേഷമാണ് അറസ്റ്റു ചെയ്തത്.
◾കാപ്പ ഉത്തരവ് ലംഘിച്ച് അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ പാറവിള മുസ്ലീം പള്ളിക്ക് സമീപം പ്ലാവിള വീട്ടില്‍ വിഷ്ണു ( 30 )ആണ് പിടിയിലായത്.
◾തമിഴ് സിനിമാ നടി ദീപ എന്ന പൗളിന് ജസീക്കയെ (29) ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് സിനിമകളില്‍ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ.
◾ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ് വാദി പാര്‍ട്ടി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും പാര്‍ട്ടി നിയമസഭാംഗങ്ങളും പാര്‍ട്ടി ഓഫീസില്‍ നിന്ന് വിധാന്‍ സഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തിയത്.
◾ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. ആരോപണ വിധേയയായ പെണ്‍കുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ഒരാള്‍ പെണ്‍കുട്ടിയുടെ കാമുകനാണ്.
◾ഭാരത് ജോഡോ യാത്രയുടെ പേരില്‍ കര്‍ണാടക കോണ്‍ഗ്രസില്‍ സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാര്‍ പക്ഷവും തമ്മില്‍ പോര്. യാത്ര വിജയിപ്പിക്കാന്‍ ചേര്‍ന്ന യോഗങ്ങളില്‍ സിദ്ധരാമയ്യ പക്ഷം സഹകരിക്കുന്നില്ലെന്നു ഡി.കെ. ശിവകുമാര്‍ ആരോപിച്ചു.
◾സിനിമാ സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
◾തായ്വാനില് 6.8 തീവ്രതയുള്ള ഭൂകമ്പം. വന്‍ നാശനഷ്ടമുണ്ടായി. ട്രെയിന്‍ പാളം തെറ്റി. കടകള്‍ തകര്‍ന്നു. നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നു.
◾ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ആഴ്സണലിന്റെ പതിനഞ്ചുകാരന് ഏഥന് ന്വാനേരി. ബ്രെന്റ്ഫോര്‍ഡിനെതിരെ പകരക്കാരനായി ഇഞ്ചുറി ടൈമില്‍ കളത്തിലിറങ്ങുമ്പോള്‍ 15 വയസ്സും 181 ദിവസവുമാണ് ഏഥന്റെ പ്രായം. 2019ല്‍ 16 വയസ്സും 30 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ ലിവര്‍പൂള്‍ താരം ഹാര്‍വി എലിയറ്റിന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ശനിയാഴ്ച 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4585 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.
◾ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തില്‍ കനത്ത ഇടിവ് തുടര്‍ക്കഥയാകുന്നു. സെപ്തംബര്‍ 9ന് സമാപിച്ച ആഴ്ചയില്‍ 223.4 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 50,087.1 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇടിവ് 794.1 കോടി ഡോളറായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 251.9 കോടി ഡോളര്‍ താഴ്ന്ന് 48,959.8 കോടി ഡോളറാണ്. കരുതല്‍ സ്വര്‍ണശേഖരം 34 കോടി ഡോളര്‍ മെച്ചപ്പെട്ട് 3,864.4 കോടി ഡോളറിലെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും ശേഖരത്തില്‍ പ്രതിഫലിക്കും. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ മൂന്നിന് സമാപിച്ച ആഴ്ചയില്‍ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ഇന്ത്യ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിദേശ നാണയശേഖരം. തുടര്‍ന്ന് ഇതുവരെ നേരിട്ടനഷ്ടം 14,158.2 കോടി ഡോളറാണ്.
◾അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിവിധ മേഖലകളിലായി നാല്പ്പതില് അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയയാണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് വാസന്റേതാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം.
◾ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മാസ് പരിവേഷത്തിലാണ് പോസ്റ്ററില്‍ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.
◾ഹംഗേറിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കീവേ ഇന്ത്യയിലെത്തിച്ച പുത്തന്‍ മോഡലാണ് കീവേ കെ300 എന്‍. ഈ നേക്കഡ് സ്പോര്‍ട്സ് ബൈക്കിന് മാറ്റ് വൈറ്റ്, മാറ്റ് റെഡ്, മാറ്റ് ബ്ളാക്ക് എന്നീ നിറഭേദ വേരിയന്റുകളാണുള്ളത്. മാറ്റ് വൈറ്റിന് 2.65 ലക്ഷം രൂപയും റെഡിന് 2.75 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബ്ളാക്കിന് 2.85 ലക്ഷം രൂപ. ഇന്ത്യന്‍ നിരത്തുകളിലെ സ്പോര്‍ട്സ് ബൈക്കുകളിലെ കാഴ്ചയായ തനത് ഷാര്‍പ്പ് സ്റ്റൈലിഷ് ലുക്ക് കീവേ കെ300 എന്നിലും കാണാം. 292 സി.സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ എന്‍ജിനാണുള്ളത്. 27 ബി.എച്ച്.പി കരുത്തും 25 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എന്ജിന്.
◾ഏഴംകുളം മോഹന്‍ കുമാര്‍ രചിച്ച ‘അമ്മൂമ്മക്കിളിയും ചിരിക്കുന്ന മരവും’ എന്ന ബാലസാഹിത്യകൃതി കുഞ്ഞുമനസ്സുകളില്‍ നന്മയും സ്നേഹവും ത്യാഗമനോഭാവവും വളര്‍ന്നു പന്തലിക്കുവാന്‍ സഹായകരമാണ്. സൈന്ധവ ബുക്സ്. വില 152 രൂപ.
◾ഹൃദയസ്തംഭനം നിമിത്തമുള്ള മരണങ്ങള് കൂടുതലായും നാം അറിയുന്നത് രാവിലെയായിരിക്കും. അതിരാവിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണം ശരീരത്തില്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം നിമിത്തമാണ്. സൈറ്റോകൈന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉദ്പാദിപ്പിക്കുക പുലര്‍ച്ചെയാണ്. ഹൃദയസ്തംഭനത്തിന് ഒരു അളവുവരെ ചില ഹോര്‍മോണുമായി ബന്ധമുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് അതിരാവിലെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ ചെയ്യുന്നത് നിയന്ത്രിക്കുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് നമ്മുടെ ശരീരത്തിലുണ്ട്. പകല്‍ സമയത്ത് ശരീരം കൂടുതല്‍ കാര്യക്ഷമമായിരിക്കും, മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കും. എന്നാല്‍ ഉറങ്ങുമ്പോള്‍ ശരീരം വിശ്രമാവസ്ഥയിലായിരിക്കും. അതിരാവിലെ വീണ്ടും ശരീരം പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കും. ഈ വര്‍ദ്ധനവ് പ്രഭാതത്തില്‍ ഹൃദയ സിസ്റ്റത്തെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഹൃദയത്തിലുണ്ടാവുന്ന പ്രവര്‍ത്തനങ്ങളാണ് അപകടാവസ്ഥയിലേക്ക് എത്തുന്നത്. ഈ സമയങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഉള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, സ്ഥിരമായി പുകവലിക്കുന്നവര്‍ എന്നിവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പതിവിന് വിപരീതമായി ഇന്നത്തെ തലമുറയില്‍ ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനുമുള്ള സാദ്ധ്യത കൂടുതലാണ്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി, വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ദം, അന്തരീക്ഷ മലിനീകരണം, കൃത്യമല്ലാത്ത ഉറക്ക ഉണര്‍വ് ചക്രങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയാണ് കാരണം. ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുവാനും, അതിരാവിലെയുള്ള ഹൃദയസ്തംഭനത്തെ ചെറുക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദിവസവും ഏഴ് മുതല്‍ എട്ടുവരെ ഉറങ്ങുകയും, സമ്മര്‍ദ്ദ രഹിതമായ ജീവിതം നയിക്കാനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. എഴുന്നേറ്റയുടന്‍ കഠിനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യരുത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.71, പൗണ്ട് – 90.74, യൂറോ – 79.53, സ്വിസ് ഫ്രാങ്ക് – 82.26, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.28, ബഹറിന്‍ ദിനാര്‍ – 214.13, കുവൈത്ത് ദിനാര്‍ -257.78, ഒമാനി റിയാല്‍ – 207.06, സൗദി റിയാല്‍ – 21.21, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 59.89.