web cover 47

തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തദ്ദേശസ്വയംഭരണ മന്ത്രി ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു. ഇന്നു മൂന്നിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മാലിന്യ നീക്കം, വാക്സിനേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. തെരുവ് നായകള്‍ കൂടുതലുളള പ്രദേശങ്ങളും ആക്രമണങ്ങളുള്ള മേഖലകളും കണ്ടെത്തി ഹോട്ട്സ്പോട്ടുകള്‍ തയാറാക്കും. വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പും മനുഷ്യരെ ആക്രമിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പും ശേഖരിക്കും. ഈ വര്‍ഷം ഓഗസ്റ്റ് 22 വരെ 43,571 വളര്‍ത്തു മൃഗങ്ങളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. (ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/_HIISe_ONuI )

സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നിതി ആയോഗ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പത്തു സംസ്ഥാനങ്ങളിലാണു നടപ്പാക്കുക. അടുത്ത മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും.

ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നീതി ആയോഗ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും അടുത്ത മാസം ആദ്യത്തെ ആഴ്ച യൂറോപ്പ് സന്ദര്‍ശിക്കുന്നു. യാത്ര രണ്ടാഴ്ച നീണ്ടേക്കും. മരാമത്തു മന്ത്രി മുഹമ്മദ് റിയാസ് ഈ മാസം 19 ന് ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ പാരീസിലേക്കും പോകും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നോര്‍വെയിലും സന്ദര്‍ശനം നടത്തും. ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

അവശ്യമരുന്നുകളുടെ വിലനിയന്ത്രണ പട്ടികയില്‍ 34 മരുന്നുകളെകൂടി ഉള്‍പെടുത്തി. 26 ഇനങ്ങളെ ഒഴിവാക്കി. നാല് കാന്‍സര്‍ മരുന്നുകളും പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകളും പട്ടികയില്‍ ഉള്‍പെടുത്തിയതിനാല്‍ ഇവയുടെ വില കുറയും. 384 മരുന്നുകളുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലുള്ള സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധര്‍ണ നടത്തി. അടുത്ത മാസം 11 ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യും.

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചില്‍ തുടര്‍ന്നതിനാലാണ് മാറ്റിവച്ചത്. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ മാറ്റിവച്ചത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രമോഷന്‍ നിരാകരിക്കരുതെന്ന് പോലീസുകാരോട് ഡിജിപി. ശമ്പളം വാങ്ങുന്നവര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറരുത്. നിരവധി പൊലിസുകാര്‍ പ്രമോഷന്‍ നിരാകരിച്ച് അപേക്ഷ നല്‍കുന്ന സാഹചര്യത്തിലാണ് ഡിജിപി ഇങ്ങനെ മാര്‍ഗനിര്‍ദേശം നല്‍കിയത്.

നിയമസഭയില്‍ താന്‍ നിഷ്പക്ഷനായിരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പുതിയ സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രാധാന്യമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നു, ഭരണപക്ഷം മറുപടി പറയുന്നു. എല്ലാ അടിയന്തര പ്രമേയങ്ങളും തള്ളാറില്ലെന്നും ഷംസീര്‍.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ജോഡോ യാത്രയെ സിപിഎം പിന്തുണയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കുള്ള യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിനെയോ സിപിഎമ്മിനെയോ വിമര്‍ശിച്ചാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയുമായി കെ റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ ഇന്നു കൂടിക്കാഴ്ച നടത്തും. യാത്ര ഇന്നു വൈകുന്നേരം കല്ലമ്പലത്ത് സമാപിക്കും.

തിരുവനന്തപുരം നഗരസഭയില്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ പിന്‍വലിച്ചു. സിപിഎം, സിഐടിയു ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പിരിച്ചുവട്ടതും സസ്പെന്‍ഡുചെയ്തതുമായ നടപടികള്‍ റദ്ദാക്കിയത്. ഡ്യൂട്ടി മുടക്കി ഓണാഘോഷം അരുതെന്ന നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ ഉപേക്ഷിച്ചത്.

രണ്ടു വാഹനാപകടങ്ങളില്‍ നാലു മരണം. മലപ്പുറം തിരൂരങ്ങാടി വെളിമുക്കില്‍ പിക്കപ്പ് ലോറി ബൈക്കിലിടിച്ച് വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീന്‍ എന്നിവര്‍ മരിച്ചു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ ചാലക്കരയില്‍ ബൈക്കില്‍ ബസിടിച്ച് തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി. ഇരുവരും തത്ക്ഷണം മരിച്ചു. താമരശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലില്‍ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെ മകന്‍ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.

ജനതാദള്‍ എസ് മുന്‍ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫ. എന്‍ എം ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് പാലായില്‍.

കോട്ടയം മുളക്കുളത്ത് 12 നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. മൃഗസ്നേഹികളുടെ പരാതിയിലാണ് നടപടി.

ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായിരുന്ന ഇന്നലെ കെഎസ്ആര്‍ടിസി റിക്കാര്‍ഡ് വരുമാനം നേടി. 8.4 കോടി രൂപയാണ് ഇന്നലത്തെ വരുമാനം. 3,941 ബസുകള്‍ സര്‍വീസ് നടത്തി. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാര്‍ജറ്റിനെക്കാള്‍ 107.96 ശതമാനം.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കര്‍ണാടകത്തിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പഠിക്കുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കര്‍ണാടകത്തിലെ പ്രവര്‍ത്തനരീതി പഠിക്കാന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം വി. നമശിവായം അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഗ്രാമ – നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക് , കോര്‍പറേഷന്‍ മാനേജ്മെന്റ് രീതി എന്നിവ പഠിക്കും.

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറികൂടിയായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനില്‍ കുമാറാണ് പിടിയിലായത്. 2019 സപ്തംബര്‍ രണ്ടിന് കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂരില്‍ വച്ച് നടന്ന സ്വര്‍ണ്ണ വ്യാപാരിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയാണ് സിനില്‍. കതിരൂര്‍ മനോജ് വധ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് മോഷണം നടത്തിയത്.

അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും സാക്ഷികളുടെ കൂറുമാറ്റം. ഇരുപത്തേഴാം സാക്ഷി സെയ്തലവിയാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികള്‍ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചുനിന്നത്.

എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യ നിര്‍ണയത്തില്‍ മാര്‍ക്ക് കൂട്ടിയതിലെ പിഴവ് മറയ്ക്കാന്‍ ക്രമക്കേട് നടത്തിയെന്നു വിദ്യാര്‍ഥിയുടെ രക്ഷിതാവ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കി. കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ അഗസ്റ്റിനാണ് പരീക്ഷാ ഭവനില്‍ പരാതി നല്‍കിയത്. ഡെല്‍വിന്‍ അഗസ്റ്റിന് മലയാളം ഒഴികേ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. മലയാളത്തിന് ബി ഗ്രേഡ്. ഉത്തരകടലാസിന്റെ ഫോട്ടോകോപ്പി പരിശോധിച്ചപ്പോള്‍ 32 മാര്‍ക്കിനു പകരം 22 എന്നാണെഴുതിയത്. തുടര്‍ന്ന് മാര്‍ക്ക് തിരുത്താന്‍ നടപടി സ്വീകരിച്ചു.

മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്ത് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പറമ്പിക്കുളം ഓവന്‍പാടി കോളനിയില്‍ കഴിഞ്ഞ ദിവസം രോഗിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ കെട്ടിവെച്ച്. ഈ കോളനിയിലേക്കുള്ള പാലം 2019 ലെ പ്രളയത്തില്‍ തകര്‍ന്നുപോയതിനാലാണ് ഇങ്ങനെ യാത്രചെയ്യേണ്ടിവന്നത്. മുപ്പതോളം കുടുംബങ്ങളാണ് കോളനിയിലുള്ളത്.

പുതിയ അറ്റോര്‍ണി ജനറലായി മുകുള്‍ റോഹത്ഗിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലുള്ള എജി കെ.കെ. വേണുഗോപാല്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് റോഹത്ഗിയെ നിയമിച്ചത്. അടുത്ത മാസം ഒന്നിന് മുകുള്‍ റോഹത്ഗി ചുമതലയേല്ക്കും.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ് സാമ്പത്തിക സംവരണമെന്നാണ് വാദം.

കോണ്‍ഗ്രസിലെ പൂര്‍വ പിതാക്കന്‍മാര്‍ ശ്രമിച്ചിട്ടും ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ആയിട്ടില്ലെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ. രാഹുല്‍ഗാന്ധി വെറുപ്പോടെയാണ് യാത്ര നടത്തുന്നതെങ്കില്‍ ജോഡോ യാത്ര രാഷ്ട്രീയ നാടകമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. കാക്കി നിക്കര്‍ കത്തിക്കുന്ന പോസ്റ്റര്‍ വിവാദത്തിലാണ് പ്രതികരണം.

ചിലയിനം അരികള്‍ക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തിയതോടെ പത്തു ലക്ഷം ടണ്‍ അരി തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. വില വര്‍ധിക്കുന്നതിനാല്‍ കയറ്റിയയക്കാനാവാത്ത അരി തിരിച്ചെടുക്കാനുള്ള നീക്കത്തിലാണു വ്യാപാരികള്‍.

പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്കു ബിജെപിയുടെ മെഗാ മാര്‍ച്ച്. വിവിധ പ്രദേശങ്ങളില്‍നിന്നു സ്പെഷല്‍ ട്രെയിനുകള്‍ ബുക്കു ചെയ്ത് കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കിണറിലിറങ്ങിയ അമ്പത്തഞ്ചുകാരനായ പാമ്പുപിടിത്തക്കാരന്‍ നടരാജനെ മലമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊന്നു. കിണറില്‍വീണ മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയതായിരുന്നു നടരാജന്‍. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മഫ്ളറിന്റെ വില 80,000 രൂപയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപി നേതാക്കള്‍ ധരിക്കുന്ന കൂളിംഗ് ഗ്ലാസുകള്‍ക്ക് രണ്ടര ലക്ഷം രൂപ വിലവരുന്നുണ്ടെന്നുമാണ് ഗെഹ്ലോട്ട് ആരോപിച്ചത്.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ്മയെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഈ മാസം 30 ന് വിരമിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍. പ്രാണേഷ് പിള്ള, ഇസ്രത്ത് ജഹാന്‍ അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമര്‍പ്പിച്ച സിബിഐ അന്വേഷണം നയിച്ചത് ഇദ്ദേഹമാണ്.

സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ തീപിടിത്തത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക് ബൈക്ക് ഷോറൂമിന് മുകളിലുള്ള ഹോട്ടലിലേക്ക് തീ അതിവേഗം പടര്‍ന്നതായി പൊലീസ് പറഞ്ഞു.

ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സുമുള്ള കോലിക്ക് വിവിധ പ്ലാറ്റ്ഫോമുകളിലായി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള റീചാര്‍ജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്നതുമായ റീചാര്‍ജ് പ്ലാനും ആരംഭിച്ചു. ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്. 28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാല്‍ ഒരു വര്‍ഷം 13 മാസമുണ്ടാകും. ചില മാസങ്ങളില്‍ 30 ദിവസവും ചിലതില്‍ 31 ദിവസവും ഫെബ്രുവരിയില്‍ 28/29 ദിവസവുമുള്ളതിനാല്‍ ഒരേ തീയതിയില്‍ റീചാര്‍ജ് സാധ്യമല്ല. അങ്ങനെയെങ്കില്‍ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാന്‍. അതായത് മാര്‍ച്ച് 31ന് റീചാര്‍ജ് ചെയ്തയാള്‍ക്ക് ഏപ്രില്‍ 30നായിരിക്കും അടുത്ത റീചാര്‍ജ്.

ഇന്ത്യയില്‍ നിന്നുള്ള നിരവധി യൂട്യൂബ് വീഡിയോകള്‍ ഡീലിറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇന്ത്യയില്‍ നിന്ന് മാത്രം 1,324,634 വിഡിയോകള്‍ നീക്കം ചെയ്തത്. യൂട്യൂബ് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. യുഎസ്, ഇന്തൊനീഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണം വളരെ കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാശംങ്ങള്‍ ഉള്ളത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും കുറ്റകൃതൃങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ളതുമായ വീഡിയോകളാണ് റിമൂവ് ചെയ്തിരിക്കുന്നത്.

തമിഴകത്ത് പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മേഘം കറുക്കാത’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. ധനുഷ് തന്നെ ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും നിത്യാ മേനോനും മനോഹരമായി ചുവടുകള്‍ വയ്ക്കുന്നതാണ് ഗാനരംഗം. ഒടിടി റിലീസിന് ശേഷം ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘തിരുച്ചിദമ്പലം’.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ബേബി ദേവ നന്ദയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന് എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പൂജാ ചടങ്ങോടെ തുടക്കം കുറിച്ചു. പൂര്‍ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ സൈജു കുറുപ്പ് , മനോജ്.കെ.ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കഡാവര്‍ ,പത്താം വളവ് ,നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. നാരായം,പുന്നാരം, കുഞ്ഞിക്കൂനന്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറുടെ മകനാണ് വിഷ്ണു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട അതിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ 755 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ ഒടുവില്‍ അവതരിപ്പിച്ചു. ഈ പുതിയ മോട്ടോര്‍ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്തേകും. ഹോര്‍നെറ്റ് റോഡ്സ്റ്ററിനും അടുത്തിടെ കണ്ടെത്തിയ ട്രാന്‍സല്‍പ് അഡ്വഞ്ചര്‍ ബൈക്കിനും ആണ് ഈ എഞ്ചിന്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ 755 സിസി എഞ്ചിന്‍ പുതിയതും 9500 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി പവറും 7250 ആര്‍പിഎമ്മില്‍ 75 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ മോട്ടോര്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

പെണ്ണിനും മണ്ണിനും വിത്തിനും വെള്ളത്തിനും വേണ്ടിയായിരുന്നു പ്രബല ഗോത്രയുദ്ധങ്ങളെല്ലാം അരങ്ങേറിയത്. യുദ്ധത്തിന്റെ തുടക്കങ്ങള്‍ക്കു മാത്രമേ നിയമങ്ങളുടെ ന്യായവാദങ്ങള്‍ പറയാനുണ്ടാവൂ… അവസാനങ്ങളുടെയെല്ലാം മുഖം വികൃതമായിരിക്കും. പ്രാകൃതപോരാട്ടങ്ങളില്‍ നേര് വരപോലെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പുതുകാലത്ത് അതും അദൃശ്യമായി. ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നോവല്‍. ‘തോല്‍വികളുടെ തമ്പുരാന്മാര്‍’. നാരായന്‍. പ്രണത ബുക്സ്. വില 190 രൂപ.

ശരീരത്തിലെ വന്‍കുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെന്‍ഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെന്‍ഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിര്‍ന്നവരില്‍ മാത്രമല്ല ഇപ്പോള്‍ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകള്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ടെന്ന് യുകെയില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു. അപൂര്‍വമായി നവജാത ശിശുക്കളില്‍ പോലും ഇപ്പോള്‍ അപ്പെന്‍ഡിസൈറ്റിസ് കണ്ടു വരുന്നു. വയറില്‍ വലത് വശത്ത് താഴെയായി വരുന്ന അതിശക്തമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. വേദനയ്ക്കൊപ്പം ഛര്‍ദ്ദിലും പനിയും പ്രത്യക്ഷപ്പെടാം. എന്നാല്‍ ന്യുമോണിയ, കുടലില്‍ അണുബാധ, പെണ്‍കുട്ടികളില്‍ അണ്ഡാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയും സമാന ലക്ഷണങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്. ഇത് അപ്പെന്‍ഡിക്സ് വീര്‍ത്ത് പൊട്ടി മറ്റ് സങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. ശസ്ത്രക്രിയക്ക് മുന്‍പ് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അതിപ്രധാനമാണ്. ചിലപ്പോള്‍ അള്‍ട്രാസൗണ്ട് സ്‌കാനും അപൂര്‍വമായി സിടി സ്‌കാനും ഇതിന് വേണ്ടി വന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുതിര്‍ന്നവരിലെന്ന പോലെ ശസ്ത്രക്രിയ തന്നെയാണ് കുട്ടികളിലും അപ്പെന്‍ഡിസൈറ്റിസിന് പരിഹാരം. ലാപ്രോസ്‌കോപ്പിക് അഥവാ കീഹോള്‍ ശസ്ത്രക്രിയ വഴി ഇപ്പോള്‍ അപ്പെന്‍ഡിക്സ് നീക്കം ചെയ്യാന്‍ സാധിക്കും. ചെറിയൊരു ശതമാനം കുട്ടികള്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ ആന്റിബയോട്ടിക് ചികിത്സയിലൂടെ രോഗം ഭേദമാക്കാനായേക്കും. എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ കുട്ടിയുടെ നില മെച്ചപ്പെട്ടാലും വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുട്ടികളില്‍ ഭക്ഷണ ക്രമത്തില്‍ നാരുകള്‍ ചേര്‍ന്ന ഭക്ഷണം കുറയുന്നത് അപ്പെന്‍ഡിസൈറ്റിസ് രോഗബാധ കൂടുതലാകാനുള്ള കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.14, പൗണ്ട് – 92.83, യൂറോ – 80.30, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.52, ബഹറിന്‍ ദിനാര്‍ – 209.94, കുവൈത്ത് ദിനാര്‍ -256.89, ഒമാനി റിയാല്‍ – 205.80, സൗദി റിയാല്‍ – 21.05, യു.എ.ഇ ദിര്‍ഹം – 21.54, ഖത്തര്‍ റിയാല്‍ – 21.73, കനേഡിയന്‍ ഡോളര്‍ – 61.01.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *