◾ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കുടിയേറ്റക്കാരെ കൈയേറ്റക്കാര്‍ എന്നു വിശേഷിപ്പിച്ചത് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ ദുരഭിമാനത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. 2019 ലെ ഉത്തരവ് പിന്‍വലിക്കാത്തത് ജനങ്ങള്‍ക്കു ദ്രോഹമാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉത്തരവു പിന്‍വലിക്കേണ്ടതില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അന്തിമ വിജ്ഞാപനത്തില്‍ ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
◾ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള പാനലില്‍ അഞ്ചംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടലുകള്‍ തടയാമെന്ന് ഭരണപക്ഷത്തുനിന്ന് കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ കാവിവത്കരണംപോലെ തന്നെ കമ്മ്യൂണിസ്റ്റ്വത്കരണവും അപകടമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. (ഗവര്‍ണര്‍ വെട്ടുമോ ? ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ് – https://dailynewslive.in/frankly-speaking-31-08/ )
◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. തുറമുഖ നിര്‍മ്മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുത്. പ്രതിഷേധം സമാധാനപരമായിരിക്കണം. നിര്‍മാണ പ്രവര്‍ത്തനം തടയരുത്. പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തടയാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾വാട്ട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അഭിപ്രായം തേടി. ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
◾വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ചു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ വില 1896 രൂപ 50 പൈസ ആയി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചിയിലും നെടുമ്പാശേരിയിലും കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനം അടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ നിര്‍മ്മിച്ച വിമാന വാഹിനി യുദ്ധക്കപ്പല്‍ വിക്രാന്ത് പ്രധാനമന്ത്രി നാളെ നാവിക സേനയ്ക്കു കൈമാറും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ടോള്‍ പ്ലാസകളില്‍ 15 ശതമാനം നിരക്കു വര്‍ധന. ദേശിയ മൊത്തവില സൂചികയിലെ വര്‍ധനയ്ക്ക് ആനുപാതികമായാണ് വര്‍ധന. പാലിയേക്കരയില്‍ പത്തു മുതല്‍ 65 വരെ രൂപയുടെ വര്‍ധന. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് എണ്‍പത് രൂപ ആയിരുന്നത് 90 രൂപയായി. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 140 ല്‍ നിന്ന് 160 രൂപയായി. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 235 രൂപയാണ്.
◾എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗതര്‍ ജീവിതശൈലി വര്‍ധിക്കുകയാണെന്നു ഹൈക്കോടതി. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസമായാണ് പുതുതലമുറ കാണുന്നത്. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും വര്‍ധിക്കുന്നത് സമൂഹത്തെ ബാധിക്കും. വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്.
◾നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങള്‍ മുക്കിയെന്നും നക്ഷത്രചിഹ്നം ഇടാത്തതാക്കിയെന്നും പ്രതിപക്ഷം. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ ചോദ്യോത്തര വേളയില്‍ ഇക്കാര്യം ഉന്നയിച്ചതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം ഉള്‍പ്പെടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യമാക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. അടുത്ത സമ്മേളനം മുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കൈകാര്യം ചെയ്യൂവെന്നു സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.
◾ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി കോഴ്‌സുകളും അഞ്ചു പിജി കോഴ്‌സുകളും ഒഴികെയുള്ള മറ്റ് കോഴ്‌സുകള്‍ യുജിസി അനുമതിയോടെ ഈ അക്കാദമിക് വര്‍ഷം തുടര്‍ന്നു നടത്താന്‍ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ തുടങ്ങിയ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതിന് ഡിവൈഎഫ്ഐ നേതാവ് അരുണിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെയാണു കേസ്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
◾കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടിന് സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ബേപ്പൂര്‍ സോണല്‍ ഓഫീസര്‍ കെ കെ സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി, റവന്യൂ ഇന്‍സ്പെക്ടര്‍ മുസ്തഫ എന്നിവരുടെയും എലത്തൂര്‍ റവന്യൂ ഇന്‍സ്പെക്ടര്‍ പ്രീതയുടേയും സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവരെ സ്ഥലം മാറ്റി നിയമിച്ചു. എന്നാല്‍ ‘സഞ്ജയ’യിലെ പിഴവ് ആദ്യം കണ്ടെത്തി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയ റവന്യൂ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുസംഘം ഡിജിറ്റല്‍ സിഗ്നേചര്‍ പതിപ്പിച്ചത്.
◾സിപിഐയില്‍ പുരുഷാധിപത്യമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കു മല്‍സരിച്ചു ദയനീയമായി പരാജയപ്പെട്ട ഇ. എസ് ബിജിമോള്‍. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന് ആര്‍ക്കും തോന്നിയില്ല. ഏട്ടിലെ പശുക്കള്‍ പണ്ടു മുതലേ പുല്ലു തിന്നാറില്ലെന്ന് തുടങ്ങുന്ന ബിജിമോളുടെ കുറിപ്പ് വൈറലായി.
◾സിപിഐയില്‍ കാനം പക്ഷം എതിര്‍പക്ഷം എന്നിങ്ങനെയൊരു വിഭാഗീയത ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പല പക്ഷങ്ങളുണ്ടെന്ന് ചില മാധ്യമങ്ങള്‍ മനപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.
◾നെല്ലിയാമ്പതി ചുരം പാതയില്‍ കാര്‍ യാത്രക്കാരെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. തമ്പുരാന്‍ കാടിനടുത്താണ് ആനക്കുട്ടി അടക്കമുള്ള കാട്ടാനക്കൂട്ടം കാറിലുള്ളവരെ വിറപ്പിച്ചത്. കാട്ടാനകളെ ഗൗനിക്കാതെ കടന്നുപോകാന്‍ ശ്രമിച്ചതാണു പ്രകോപനത്തിനു കാരണം. ആനക്കൂട്ടം ആരേയും ഉപദ്രവിക്കാതെ സ്ഥലംവിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍.
◾കണ്ണൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലര്‍ എന്നിവരാണു പിടിയിലായത്.
◾സിവിക് ചന്ദ്രനു ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയതിനു പിറകേ സ്ഥലംമാറ്റിയതിനെ ചോദ്യം ചെയ്തുള്ള കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായ ഒരവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജില്ലാ കോടതി ജഡ്ജിക്കു തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെതെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തി അനുകൂലമായ വിധി സമ്പാദിച്ച മേരി റോയ് (89) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. സംസ്‌കാരം നാളെ രാവിലെ 11 ന് പള്ളിക്കൂടം സ്‌കൂളിനോട് ചേര്‍ന്ന വീട്ടുവളപ്പില്‍.
◾വാണിമേല്‍ വെളളിയോട് വിവാഹ വീട്ടില്‍നിന്ന് മോഷണം പോയ 28 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. വീട്ടിലെ ഫ്ളഷ് ടാങ്കിനകത്തുനിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. വീട്ടുടമ നടുവിലക്കണ്ടി സ്വദേശി ഹാഷിംകോയ അറിയിച്ചതിനെ തുടര്‍ന്ന് വളയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
◾കൂടത്തായി കൊലപാതക പരമ്പര കേസില്‍ സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മൃതദേഹാവശിഷ്ടത്തില്‍ വിഷാംശമുണ്ടെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ആറില്‍ അഞ്ചുകൊലപാതകവും സയനൈഡ് ഉപയോഗിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.
◾അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വ്യാജ കറന്‍സി കേസിലാണ് നടപടി. ദാവൂദ് ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് ഇനാം പ്രഖ്യാപിച്ചത്.
◾ബലാല്‍സംഗത്തിനു വഴങ്ങാതിരുന്ന ട്രാന്‍സ്ജെന്‍ഡറിനെ കൊന്ന് മൃതദേഹം വെട്ടി കഷണങ്ങളാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സോയ കിന്നര്‍ എന്ന മൊഹ്സിന്‍ കൊല്ലപ്പെട്ടത്. ഖജ്റാന സ്വദേശി നൂര്‍ മുഹമ്മദാണ് അറസ്റ്റിലായത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം വീട്ടിലേക്കു വിളിച്ചുവരുത്തി ബലാല്‍സംഗത്തിനു മുതിര്‍ന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡറാണെന്നു വെളിപ്പെടുത്തിയതോടെയാണ് കൊലപ്പെടുത്തിയത്.
◾മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ അബുദാബിയിലെത്തി. പതിനാലാമത് ഇന്ത്യ – യുഎഇ ജോയിന്റ് കമ്മീഷന്‍ യോഗത്തിലും പങ്കെടുക്കും. യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള മൂന്നാം ഇന്ത്യ – യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും അദ്ദേഹം പങ്കെടുക്കും.
◾യുക്രെയ്ന്‍ സൈന്യത്തിന് പാകിസ്ഥാന്‍ ടാങ്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. റഷ്യയുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാകിസ്ഥാന്‍ യുക്രെയ്നെ സഹായിക്കുന്ന വിവരം ലോകരാജ്യങ്ങള്‍ അദ്ഭുതത്തോടെയാണ് ശ്രവിച്ചത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഒക്ടോബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം. 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ഒരു മാച്ച് 5.30ന് നടക്കും.
◾ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ആരണ്‍ ഫിഞ്ച് ക്യാപ്റ്റനായ പതിനഞ്ചംഗ ടീമില്‍ സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിന് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3840 രൂപയാണ്.
◾സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് രാജ്യാന്തര നാണ്യനിധി സാമ്പത്തിക സഹായം നല്‍കും. 290 കോടി ഡോളര്‍ വായ്പയായി നല്‍കാന്‍ രാജ്യാന്തര നാണ്യനിധിയും ശ്രീലങ്കയും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 1948ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. 48 മാസത്തിനുള്ളില്‍ പണം നല്‍കുന്ന രീതിയിലാണ് ശ്രീലങ്കയുമായി പ്രാഥമിക തലത്തില്‍ ധാരണയിലെത്തിയതെന്ന് രാജ്യാന്തര നാണ്യനിധി പ്രസ്താവനയില്‍ പറയുന്നു. ഇക്കാലയളവില്‍ 290 കോടി ഡോളറാണ് വായ്പയായി അനുവദിക്കുക. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വായ്പ.
◾ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുടെ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു. നീരജ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്. രാജേഷ് കെ രാമന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സച്ചില്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’യില്‍ വിജയ് സേതുപതി അഭിനയിക്കും. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റും പുറത്തെത്തി. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ചിത്രത്തിന്റെ വിതരണം എന്നതാണ് അത്. ഈ പ്രഖ്യാപനം സംബന്ധിച്ച് പുതുതായി പുറത്തിറക്കിയ പോസ്റ്ററില്‍ വിജയ് സേതുപതിയുടെ കഥാപാത്രമുണ്ട്.
◾ഇന്ത്യയിലെ എസ്യുവികളുടെ പ്രീമിയം ശ്രേണിയിലെ ജനപ്രിയ മോഡലാണ് ഔഡി ക്യു3 . കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ കമ്പനി പരിഷ്‌കരിച്ച 2022 ഔഡി ക്യൂ 3യെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. 44.89 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ ആണ് വാഹനം എത്തുന്നത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റ് ഓപ്ഷനുകളില്‍ എസ്യുവി ലഭ്യമാണ്. പള്‍സ് ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവര ബ്ലൂ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ അപ്ഡേറ്റ് ചെയ്ത പുതിയ ഔഡി ക്യു3 എത്തും. ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഒകാപി ബ്രൗണ്‍, പേള്‍ ബീജ് എന്നിവ ഉള്‍പ്പെടുന്നു.
◾ദുരന്തങ്ങള്‍ പോലും ഹാസ്യനാടകങ്ങളായി മാറുന്ന ആധുനികകാലത്ത്, വിലക്ഷണമായ അഞ്ചുദിവസങ്ങളിലായി അരങ്ങേറുന്ന, മിലാന്‍ കുന്ദേരയുടെ നോവല്‍.
‘വിടവാങ്ങല്‍ കൂത്ത്’. പരിഭാഷ – സി.എം രാജന്‍. ഇന്‍സൈറ്റ് പബ്ളിക്ക. വില 370 രൂപ.
◾ലോകജനതയെ സംബന്ധിച്ചിടത്തോളം ചായ ഒരു വികാരമാണ്. ഒരാളുടെ മൂഡ് മാറ്റാന്‍ വരെ ചായക്കും കാപ്പിക്കുമുള്ള കഴിവ് വേറെ തന്നെയാണ്. ചായക്ക് ആയുസ് കൂട്ടാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് അങ്ങനെയാണ്. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ചായകൂടുതല്‍ കുടിക്കുന്നവരില്‍ പെട്ടെന്നുള്ള മരണത്തിന് സാദ്ധ്യത വളരെ കുറവാണത്രേ. പ്രത്യേകിച്ചും കട്ടന്‍ ചായയാണ് ഇക്കാര്യത്തില്‍ ഏറെ ഗുണകരം. ദിവസം 3-4 കപ്പ് ചായ കുടിക്കുന്നവരില്‍ മരണ നിരക്ക് 13 ശതമാനം കുറവാണെന്നാണ് കണ്ടെത്തല്‍. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സ്ട്രോക്ക് തുടങ്ങിയവയുടെ പ്രതിരോധം ഇക്കൂട്ടരില്‍ വളരെ കൂടുതലണെന്ന് എന്‍ ഐ എച്ച് ഗവേഷകര്‍ പറയുന്നു. 40നും 60നും ഇടയില്‍ പ്രായമുള്ള 98,043 പേരിലാണ് പരീക്ഷണം നടത്തിയത്. 11 വര്‍ഷത്തോളമായിരുന്നു ഗവേഷണ കാലഘട്ടം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.47, പൗണ്ട് – 92.12, യൂറോ – 79.69, സ്വിസ് ഫ്രാങ്ക് – 81.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.28, ബഹറിന്‍ ദിനാര്‍ – 210.63, കുവൈത്ത് ദിനാര്‍ -257.73, ഒമാനി റിയാല്‍ – 206.52, സൗദി റിയാല്‍ – 21.13, യു.എ.ഇ ദിര്‍ഹം – 21.62, ഖത്തര്‍ റിയാല്‍ – 21.81, കനേഡിയന്‍ ഡോളര്‍ – 60.27.