◾കണ്ണൂര്‍ സര്‍വകലാശാലയില്‍വച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്നും ഇതിന് പിന്നില്‍ സര്‍വകലാശാല വി.സിയാണെന്നുമുളള ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സ്ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ക്രിമിനലാണെന്നും പാര്‍ട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാന്‍സിലര്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയതായും ഗവര്‍ണര്‍ ദില്ലിയില്‍ പ്രതികരിച്ചു.
◾ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവര്‍ണര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇര്‍ഫാന്‍ ഹബീബ് ചോദിച്ചു. ഗവര്‍ണര്‍ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. 2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്.
◾സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റക്കാവില്ലെന്നും വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി സിബിഐ. ദില്ലി മദ്യനയ കേസിലാണ് മനീഷ് സിസോദിയ അടക്കം 12 പേരെ രാജ്യം വിടുന്നത് തടഞ്ഞ് സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍, സിബിഐ നടപടിയെ മനീഷ് സിസോദിയ പരിഹസിച്ചു. റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെത്തിയില്ല. പിന്നാലെ തന്നെ കാണാനില്ലെന്ന് ലുക് ഔട്ട് നോട്ടീസും ഇറക്കുന്നു. ഇതെന്ത് ഗിമ്മിക്ക് ആണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. താന്‍ ദില്ലിയില്‍ ഉണ്ടെന്നും എവിടെയാണ് വരേണ്ടതെന്നും മനീഷ് സിസോദിയ ചോദിക്കുന്നു.
◾വിഴിഞ്ഞത്ത് കടല്‍ മാര്‍ഗം നാളെ തുറമുഖം ഉപരോധിക്കും. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടല്‍ മാര്‍ഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തില്‍ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ഇതിനിടെ, സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി നാളെ യോഗം ചേരും.
◾ഉദ്ഘാടനം ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാറിന്റെ കേരള സവാരി ആപ്പ് ഇതേവരെ പ്ലേ സ്റ്റോറിലെത്തിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും സവാരി ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഉടന്‍ പരിഹരിക്കും എന്ന് മാത്രമാണ് ഇപ്പോഴും തൊഴില്‍ വകുപ്പ് ആവര്‍ത്തിക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു കേരള സവാരിയുടെ ഉദ്ഘാടനം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീര്‍ പഠന പര്യടന വേളയില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തി, നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും നടപടി വേണമെന്നുമാണ് മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെടുത്തത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. പ്രതികളെ ഒളിവില്‍ സഹായിച്ച ആളാണ് ജിനേഷ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ് ഇയാള്‍. അതേസമയം, ഇന്നലെ അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
◾അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ജഡ്ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ: അനില്‍ കെ.മുഹമ്മദ്. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നും ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്നും അഡ്വ: അനില്‍ കെ.മുഹമ്മദ് പറഞ്ഞു. ജാമ്യം റദ്ദാക്കിയതിനെതിരെ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അഡ്വ. അനില്‍ കെ.മുഹമ്മദ് വ്യക്തമാക്കി.
◾ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്നും ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
◾ചെന്നൈ നഗരത്തിന്റെ 383-മത് പിറന്നാള്‍ ആഘോഷമാക്കി മാറ്റാന്‍ തമിഴ്നാട് സര്‍ക്കാരും കോര്‍പ്പറേഷനും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സര്‍ക്കാരും ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനും സംഘടിപ്പിച്ചിരിക്കുന്നത്. നാളെയാണ് ചെന്നൈ നഗരത്തിന്റെ 383-മത് ‘ജന്മദിനം’. വിനോദസഞ്ചാര കേന്ദ്രമായ ബസന്ത് നഗര്‍ ഏലിയട്ട് ബീച്ച് കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍.
◾ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ രാജിവച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കുള്ള കത്തില്‍ ആനന്ദ് ശര്‍മ വ്യക്തമാക്കി. അടുത്തിടെ, ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദും രാജിവച്ചിരുന്നു.
◾പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനവുമായി രാജസ്ഥാനിലെ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഗ്യാന്‍ ദേവ് അഹൂജ. ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതുവരെ 5 പേരെ ഇത്തരത്തില്‍ കൊന്നുവെന്നും അഹൂജ പ്രസംഗത്തില്‍ പറയുന്നുണ്ട്.
◾മഴക്കെടുതി രൂക്ഷമായ ഹിമാചലില്‍ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 22 പേരാണ് ഇതുവരെ മരിച്ചത്. മിന്നല്‍ പ്രളയത്തില്‍ നിരവധി പേരെ കാണാതായാതായി റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശിലും ഒഡീഷയിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുണ്ട്. രണ്ടിടത്തും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
◾ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും പിടികൂടി. കര്‍ണാടക, മഹാരാഷ്ട്ര,യു പി എന്നിവിടങ്ങില്‍ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.
◾പ്രവാസി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാനും പകരം സ്വദേശികള്‍ക്ക് ജോലി നല്‍കാനുമുള്ള പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ആദ്യ ഘട്ടത്തില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ജീവനക്കാരില്‍ 33 ശതമാനം പേര്‍ക്ക് പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കും. വരുന്ന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം. അടുത്ത 33 ശതമാനം അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതലും അവശേഷിക്കുന്ന 33 ശതമാനം പേര്‍ക്ക് അടുത്ത വര്‍ഷം ജൂലൈ ഒന്നിനും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനമെന്നും കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
◾സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ തീവ്രവാദികള്‍ കയ്യടക്കിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ തിരിച്ച് പിടിച്ച് സുരക്ഷാ സേന. 30 മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ നാല്‍പത് പേര്‍ കൊല്ലപ്പെടുകയും എഴുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖ്വയ്ദ ബന്ധങ്ങളുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ ശബാബ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
◾ലിബിയയില്‍ ആദ്യ ചാവേര്‍ ആക്രമണം നടത്തിയ ഇന്ത്യക്കാരന്‍ ഒരു മലയാളിയായിരുന്നുവെന്ന് ഐസിസ് മുഖപത്രമായ ‘വോയ്സ് ഓഫ് ഖുറാസ’നിന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ യുവാവാണ് ആക്രമണം നടത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടര്‍ന്ന് ഐസിസില്‍ ചേര്‍ന്ന് ലിബിയയില്‍ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്. എന്നാല്‍ ഇയാളുടെ പേരോ സംഭവം നടന്ന വര്‍ഷമോ ‘വോയ്സ് ഓഫ് ഖുറാസന്‍’ പരാമര്‍ശിക്കുന്നില്ല.
◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം കാണിക്കുന്നതിന് പാക് ചാനലുകള്‍ക്ക് നിരോധനം. ഇസ്ലാമാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി.
◾ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യം കൂടി കടുത്ത സാമ്പത്തികഞെരുക്കത്തില്‍. ചൈനയ്ക്കും ഇന്ത്യയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന കുഞ്ഞന്‍രാജ്യമായ ഭൂട്ടാനാണ് വിദേശ നാണയശേഖരത്തിലെ ഇടിവുമൂലം വലയുന്നത്. പ്രതിസന്ധി തരണം ചെയ്യാനായി വാഹന ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭൂട്ടാന്‍ സര്‍ക്കാര്‍. 2021 ഏപ്രിലിലെ 146 കോടി ഡോളറില്‍ നിന്ന് 97 കോടി ഡോളറിലേക്ക് ഭൂട്ടാന്റെ വിദേശ നാണയശേഖരം ഇടിഞ്ഞിരുന്നു. 12 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായ തുക വിദേശ നാണയശേഖരത്തില്‍ കരുതണമെന്ന് ഭൂട്ടാനില്‍ നിയമമുണ്ട്. ഇതു പാലിക്കാനായാണ് വാഹന ഇറക്കുമതിക്ക് നിയന്ത്രണം. എട്ടുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഭൂട്ടാന് തിരിച്ചടിയായത് റഷ്യ-യുക്രെയിന്‍ യുദ്ധം മൂലം ക്രൂഡോയില്‍, ധാന്യം തുടങ്ങിയവയ്ക്ക് വിലയേറിയതാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും തിരിച്ചടിയായി.
◾ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി ഏപ്രില്‍-ജൂലായില്‍ 6.4 ശതമാനം ഉയര്‍ന്ന് 1,290 കോടി ഡോളറിലെത്തി. കഴിഞ്ഞവര്‍ഷത്തെ സമാനകാലത്ത് ഇറക്കുമതി 1,200 കോടി ഡോളറിന്റേതായിരുന്നു. അതേസമയം, കഴിഞ്ഞമാസം ഇറക്കുമതി 43.6 ശതമാനം ഇടിഞ്ഞ് 240 കോടി ഡോളറായിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യമാസങ്ങളിലുണ്ടായ ആഭ്യന്തര ഡിമാന്‍ഡ് പിന്നീട് കുറഞ്ഞതാണ് ഇതിനുകാരണം. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലായില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കാഡ് 3,000 കോടി ഡോളറില്‍ എത്തിയിരുന്നു. സ്വര്‍ണം ഇറക്കുമതി വര്‍ദ്ധനയും ഇതിന് മുഖ്യകാരണമാണ്. 1,063 കോടി ഡോളറായിരുന്നു 2021 ഏപ്രില്‍-ജൂലായില്‍ വ്യാപാരക്കമ്മി. ഏപ്രില്‍-ജൂലായില്‍ ഇന്ത്യയില്‍ നിന്നുള്ള ജെം ആന്‍ഡ് ജുവലറി കയറ്റുമതി 7 ശതമാനം ഉയര്‍ന്ന് 1,350 കോടി ഡോളറിലെത്തി.
◾ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ന്റെ ട്രെയ്ലര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
◾റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ 40 കോടിയിലേക്ക് കടന്ന് ഖാലിദ് റഹ്‌മാന്‍ ചിത്രം തല്ലുമാല. ഒമ്പതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതില്‍ 1.36 കോടി രൂപ കേരളത്തില്‍ നിന്നാണ് നേടിയത്. ചിത്രം ഇത് വരെ കളക്ട് ചെയ്തത് 38.5 കോടി രൂപയാണ്. 20.03 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്. എട്ടാം ദിനം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചത്. ഏഴാം ദിവസം 1.5 കോടി രൂപ ആകെ നേടി. ഇതില്‍ 1.25 കോടി രൂപയും കേരളത്തില്‍ നിന്നായിരുന്നു. ആറാം ദിവസം 1.75 കോടി രൂപയാണ് ആകെ കളക്ട് ചെയ്തപ്പോള്‍ 1.2 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള വിഹിതം. ചിത്രം ആദ്യ ദിനം നേടിയത് 7.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും.
◾രണ്ട് പതിറ്റാണ്ടിലേറെയായി ദശലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കി ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ താരരാജാവായി വാഴുന്ന ഹോണ്ട ആക്ടീവയ്ക്ക് പ്രീമിയം എഡിഷന്‍. 75,400 രൂപ ഡല്‍ഹി എക്‌സ്‌ഷോറൂം വിലയുമായി ആക്ടീവ പ്രീമിയം എഡിഷന്‍ കഴിഞ്ഞവാരം വിപണിയിലെത്തി. രൂപകല്പനയിലും ടെക്‌നോളജിയിലും വന്‍ മാറ്റങ്ങളുമായാണ് പുതിയതാരത്തിന്റെ വരവ്. മുന്നില്‍ സുവര്‍ണനിറത്തില്‍ ‘ഹോണ്ട’ മാര്‍ക്കിംഗ് കാണാം. വശങ്ങളില്‍ 3ഡി ആക്ടീവ എംബ്ളവും സ്വര്‍ണനിറത്തില്‍ തിളങ്ങുന്നു. വശങ്ങളിലും വീലിലുമെല്ലാം പ്രീമിയം എഡിഷന്റെ ഈ തിളക്കം കാണാം. ഡാഷിലും സീറ്റുകളിലും തൂവിയിട്ടുള്ള ബ്രൗണ്‍നിറമാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം കറുപ്പഴകുള്ള ഫ്രണ്ട് സസ്‌പെന്‍ഷനും എന്‍ജിന്‍ കവറും ചേരുമ്പോള്‍ സ്‌കൂട്ടറിന് പ്രീമിയം ലുക്കും കിട്ടുന്നു. മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ളൂ നിറഭേദങ്ങളാണുള്ളത്.
◾സി.എല്‍. ജോസിന്റെ ആത്മകഥയെന്നോ നാടകസ്മരണകളെന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിന്റെ കര്‍ട്ടന്‍ ഉയരുന്നത്, അദ്ദേഹത്തിന്റെ ജീവിതനാടകത്തിലേക്കും നാടക ജീവിതത്തിലേക്കുമാണ്. ഒരു പതിനൊന്നുകാരന്റെ സ്‌കൂള്‍ നാടകാഭിനയം മുതല്‍ നവതിപൂര്‍ണിമ വരെയുള്ള ഒരു രംഗവേദി ഇവിടെ കാണാം. ‘നാടകത്തിന്റെ കാണാപ്പുറങ്ങള്‍’. സി എല്‍ ജോസ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 237 രൂപ.
◾ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. അതില്‍ വരണ്ട ചര്‍മ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചര്‍മ്മമുള്ളവര്‍ വെള്ളം ധാരാളം കുടിക്കാം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള എമോളിയന്റുകള്‍ ചര്‍മ്മത്തിന് കോശങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി ചര്‍മ്മം കൂടുതല്‍ സുഗമമാക്കും. നിങ്ങളുടെ ചര്‍മ്മത്തിലെ വരള്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. പെട്രോളിയം ജെല്ലിക്ക് ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പെട്രോളിയം ജെല്ലിയില്‍ അടങ്ങിയിട്ടുള്ള മിനറല്‍ ഓയില്‍ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. ഇത് ചര്‍മ്മം വരളുന്നതും ചൊറിച്ചിലുണ്ടാകുന്നതും തടയാന്‍ സഹായിക്കും. അന്തരീക്ഷത്തിലുള്ള വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൈകളെയാണ്. അത് കൊണ്ട് തന്നെ കൈയുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ ചൂട് ആവശ്യത്തിന് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കിയ ശേഷം കുളിക്കുക. അധികം ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാന്‍ കാരണമാകും. നിങ്ങളുടെ ചര്‍മ്മത്തിന് പ്രശ്‌നം ഉണ്ടാക്കുന്ന സാധനങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.