web cover 86

കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണക്കമീഷനെ നിയമിക്കാന്‍ ഗവര്‍ണര്‍. ഇതുസംബന്ധിച്ചു ഗവര്‍ണര്‍ നിയമോപദേശം തേടി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വിരമിച്ച ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭര്‍ എന്നിവരെ ഉള്‍പെടുത്താനാണ് ആലോചന. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിരിച്ചെത്തിയശേഷം നടപടികളിലേക്കു കടക്കും. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകും. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം മന്ത്രിസഭ അംഗീകരിച്ചെങ്കിലും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്.

ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

‘ആസാദ് കാഷ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ തിരുവല്ല കോടതിയില്‍ ഹര്‍ജി. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണു ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസില്‍ 16 പ്രതികളുണ്ട്.

മുംബൈ ഭീകരാക്രമണത്തോളം തീവ്രമായ ആക്രമണമുണ്ടാകുമെന്ന് മുംബൈ പൊലീസിനു പാക്കിസ്ഥാനിലെ ഫോണില്‍നിന്നു ഭീഷണി സന്ദേശം. ആറു പേര്‍ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം മുംബൈ പൊലീസ് ട്രാഫിക് കണ്ട്രോള്‍ സെല്ലിനാണ് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പദവി മറന്ന് സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് പെരുമാറുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റി. രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റി. യോഗ്യതയുള്ളവരെ തഴഞ്ഞു. ഇത് അപമാനകരമാണ്. ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കര്‍ എം.ബി. രാജേഷ്. ഗവര്‍ണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. സര്‍ക്കാരും – ഗവര്‍ണറും തമ്മിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയുന്നില്ല. ഓര്‍ഡിനന്‍സുകള്‍ പുതുക്കാത്തതിലും അഭിപ്രായം പറയുന്നില്ല. അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുകയാണ്. ജാതി – ഭാഷ – മത വേര്‍തിരിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും വര്‍ധിച്ചു. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. ഗ്രാന്റ് വെട്ടിക്കുറയ്ക്കുന്നു. വികസനം തടയുന്നു. കേന്ദ്രത്തിന് എല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. ചാലപ്പുറം സ്വദേശി പി.പി ഷബീറിനെ വയനാട്ടില്‍നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനു ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

വടകര പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്‌ഐ നിജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയെടുത്തു മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാര്‍ പിള്ള മുംബൈയില്‍ അറസ്റ്റില്‍. മുംബൈ എല്‍ടി മാര്‍ഗ് പൊലീസാണ് അറസ്റ്റു ചെയ്തത്. ബിഎംഡബ്ല്യു കാറും മൂന്നു കോടി രൂപയും പ്രതിയില്‍നിന്ന് പിടിച്ചെടുത്തു. സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് താനെയിലെ 11 ഹോള്‍സെയില്‍ സ്വര്‍ണവ്യാപാരികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന് ജാമ്യം. അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്.

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പു തുടങ്ങി. 35 വാര്‍ഡുകളിലേയ്ക്കാണ് വോട്ടെടുപ്പ്. തിങ്കളാഴ്ചയാണു വോട്ടെണ്ണല്‍.

കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 25 നകം ഫീസടച്ച് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തഞ്ചുകാരന്‍ കഴുത്തറുത്ത നിലയില്‍. പഴയ ഉച്ചക്കടയക്കു സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്. മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തതാണെന്നാണു സംശയിക്കുന്നത്.

കാറില്‍ 21.5 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കുറ്റിപ്പുറം പൊലീസ് പിടികൂടി. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ സുമേഷ് മോഹന്‍ (32), ഷൈജല്‍ അഗസ്റ്റിന്‍ (45), കണ്ണൂര്‍ കതിരൂര്‍ സ്വദേശി ഫ്രാജീര്‍(42) എന്നിവരാണ് പിടിയിലായത്.

കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മണിക്കൂറുകള്‍ക്കകം വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്.

സവര്‍ക്കറുടെ ചിത്രവുമായി ഘോഷയാത്ര നടത്തിയതിനെ വിമര്‍ശിച്ച കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തിയ 16 പേര്‍ അറസ്റ്റില്‍. കുടകില്‍ സിദ്ധരാമ്മയ്യയുടെ വാഹനത്തിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തില്‍ എട്ടു പേരെ കസ്റ്റഡിയിലെടുത്തു. യുവമോര്‍ച്ച, ഹിന്ദുമഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

മന്ത്രിയുടെ പരിപാടിക്കായി സ്‌കോച്ച് വിസ്‌കി ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വിവാദമായി. ഗുരുഗ്രാമിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ആയ സന്ദീപ് ലോഹന്‍ ഒരു മദ്യവില്‍പ്പന കേന്ദ്രത്തിലെ മാനേജരോടു സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് ഹരിയാനയില്‍ പുറത്തുവന്നത്. 15 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ഫിഡിച്ച് വിസ്‌ക്കിയുടെ ആറ് ബോട്ടിലുകള്‍ വേണമെന്നാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. മദ്യശാലയുടെ ഉടമ ഓഡിയോ സഹിതമുള്ള പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കി.

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയില്‍ നദികള്‍ കരവിഞ്ഞൊഴുകി. ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വേളാങ്കണ്ണിയില്‍ പണമിടപാടുകാരനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. ടി വി ആര്‍ മനോഹറിനെയാണ് സുഹൃത്തുക്കളുടെ മുന്നിലിട്ട് മൂന്നംഗ സംഘം വെട്ടി നുറുക്കിയത്. ഹോസ്റ്റല്‍ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങളുള്ള ആളാണ് മനോഹര്‍.

നടി നൂപൂര്‍ അലങ്കാര്‍ അഭിനയം നിര്‍ത്തി കാവിയുടുത്ത് സന്യാസ ജീവിതത്തിലേക്ക്. നടി ഇപ്പോള്‍ ഹിമാലയ യാത്രയിലാണ്. അലങ്കാര്‍ ശ്രീവാസ്തവയുമായുള്ള വിവാഹം ബന്ധം മോചിപ്പിച്ചശേഷമാണ് ആത്മീയ ജീവിതം തെരഞ്ഞെടുത്തതെന്ന് നൂപൂര്‍ അലങ്കാര്‍.

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും സിംബാബ്വെക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പത്ത് വിക്കറ്റിന് തോറ്റ സിംബാബ്വെയുടെ തുടക്കം പരുങ്ങലിലാണ്. ഈ മത്സരത്തിലും മലയാളി താരം സഞ്ജു സാസംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ശതകോടിശ്വരന്‍ രാധകൃഷ്ണന്‍ ധാമനിയുടെ ഉടമസ്ഥതയിലുള്ള ഡിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ സ്റ്റോറുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. അഞ്ചിരട്ടിയായാണ് സ്റ്റോറുകള്‍ വര്‍ധിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയില്‍ കടന്നുചെന്ന മേഖലയിലാണ് ധാമനിയും കണ്ണുവെക്കുന്നത്. നിലവിലുള്ള 284 സ്റ്റോറുകളില്‍ നിന്നും എണ്ണം 1500 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചില്‍ 50 സ്റ്റോറുകള്‍ ഡിമാര്‍ട്ട് തുടങ്ങിയിരുന്നു. ലാഭം കുറഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകളെ ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കും ഡിമാര്‍ട്ട് തുടക്കമിട്ടിട്ടുണ്ട്. 2017ലാണ് ഡിമാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതിന് ശേഷം കമ്പനി ഓഹരികളുടെ വില 1,370 ശതമാനം വര്‍ധിച്ചിരുന്നു. നിലവില്‍ 22.1 ബില്യണ്‍ഡോളറാണ് ധാമനിയുടെ ആകെ ആസ്തി.

കൊച്ചി വിമാനത്താവളത്തില്‍ ഓണത്തോട് അനുബന്ധിച്ച് ‘വാനോളം ആഘോഷം’ ഷോപ്പിങ് ഉത്സവത്തിന് തുടക്കമാകുന്നു. ടെര്‍മിനലുകള്‍ക്കുള്ളിലെ അമ്പതോളം കടകളും കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയും ഓണത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് വന്‍തോതിലുള്ള ഡിസ്‌കൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര യാത്രക്കാര്‍ക്ക് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വിവിധ ഉല്‍പന്നങ്ങളുടെ ഡിസ്‌കൗണ്ടുകള്‍ നേടാം. തെരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുത്ത് ഒന്നാംസമ്മാനം 12 ലക്ഷം രൂപ വിലയുള്ള സ്‌കോഡ കുഷാക് കാര്‍ നല്‍കും. ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഷോപ്പിങ് ഡിസ്‌കൗണ്ട് മേളക്ക് അടുത്തയാഴ്ച തുടക്കമാകും. ആഭ്യന്തര ടെര്‍മിനലിലെ എല്ലാ കടകളും ഇതില്‍ പങ്കെടുക്കും.

നീലാംബരി മൂവി ക്ലബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂധീപ് ഇ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘2ബിഎച്ച്കെ’. ചിത്രത്തിലെ ‘അസര്‍മുല്ലപൂവുപോല്‍’ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് എം.എസ് കൊളത്തൂര്‍ ആണ്. സംഗീതം – സി.വി കൃഷ്ണകുമാര്‍. ആലാപനം – ശ്രീരഞ്ജിനി. കഥ – ശേഖര്‍ നാരായണ്‍. ശേഖര്‍ നാരായണ്‍, എം.എസ് കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മാഡ് ഡാഡ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ രേവതി എസ് വര്‍മ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈ വലയം. നസ്രിയ നസീമിനെ ആദ്യമായി നായികയായി അവതരിപ്പിച്ച സംവിധായിക കൂടിയാണ് രേവതി വര്‍മ. ഒരിടവേളക്ക് ശേഷം മറ്റൊരു പുതുമുഖ നായികയുമായാണ് ഈ വലയത്തില്‍ എത്തുന്നത്. ആഷ്ലി ഉഷ എന്ന പുതു മുഖത്തെയാണ് ഈ സിനിമയിലൂടെ രേവതി പരിചയപ്പെടുത്തുന്നത്. കാളിദാസ് ജയറാമാകും ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ഒപ്പം നീണ്ട കാലത്തിനു ശേഷം ജെറി അമല്‍ ദേവ് സംഗീത സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഈ വലയം. സിനിമയിലെ വെള്ളോടിന്‍ കിങ്ങിണിയാണ് എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. റഫീഖ് അഹമ്മദ് ആണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഈ സെപ്റ്റംബര്‍ 6 ന് പുതിയ വെന്യു എന്‍ ലൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വെന്യു എന്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് വെന്യൂവിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പാണ്. നിലവിലെ വെന്യുവിനെ അപേക്ഷിച്ച് പുത്തന്‍ എന്‍ -ലൈന്‍ ധാരാളം കോസ്‌മെറ്റിക്, മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളുമായി വരും എന്നും മോട്ടോറോയിഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ20 ച ലൈന്‍ പോലെ തന്നെ എന്‍6, എന്‍8 വേരിയന്റുകളില്‍ വെന്യു എന്‍ ലൈനും ലഭ്യമാകും. എന്നാല്‍ ഇത് ഒരു ഡിസിടിയില്‍ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഒരു ഐഎംടി ഓപ്ഷന്‍ ഒഴിവാക്കുകയും ചെയ്യും.

എവറസ്റ്റ് കീഴടക്കിയ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സാഹസിക യാത്ര. മേയ് 16-ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയതോടെ ആ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ സാധാരണ പൗരനായി മാറിയിരിക്കുകയാണ് ഖത്തറില്‍ ജോലി ചെയ്യുന്ന ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. ‘എവറസ്റ്റ്’. അബ്ദുള്‍ നാസര്‍. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 284 രൂപ.

വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന സാധനങ്ങളില്‍ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് പഠനം. അണുവിമുക്തമാക്കിയാലും കട്ടില്‍, പുതപ്പ്, കോഫി മെഷീന്‍, കമ്പ്യൂട്ടര്‍ മൗസ്, ലൈറ്റ് സ്വിച്ച് തുടങ്ങിയവയില്‍ വൈറസ് സാന്നിധ്യമുണ്ടാകുമെന്നാണ് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് 20 ദിവസത്തിന് ശേഷം രോഗികളുമായി സമ്പര്‍ക്കമുള്ള 70ശതമാനം ഇടങ്ങളിലും വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. ഈ പഠനത്തിനായി കുരങ്ങുപനി സ്ഥിരീകരിച്ച രണ്ടുപേര്‍ താമസിച്ചിരുന്ന വീട് ഗവേഷകര്‍ നിരീക്ഷിച്ചു. രോഗികള്‍ ദിവസത്തില്‍ പല തവണ കൈകള്‍ കഴുകുകയും കുളിക്കുകയുമൊക്കെ ചെയ്തെങ്കിലും അവര്‍ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം വൈറസ് സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവ ചത്തതാണെന്നും അതിനാല്‍ അണുബാധ പടരാനുള്ള സാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടി. കുരങ്ങുപനി ബാധിച്ച ഒരാളുടെ വീട് സന്ദര്‍ശിക്കുന്ന ആളുകള്‍ നന്നായി മാസ്‌ക് ധരിക്കണമെന്നും പരമാവധി എങ്ങും സ്പര്‍ശിക്കാതെ നോക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. കൈകള്‍ നന്നായി കഴുകുകയും രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍, കിടക്ക എന്നിവ പങ്കിടുകയോ ചെയ്യരുത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.93, പൗണ്ട് – 94.55, യൂറോ – 80.21, സ്വിസ് ഫ്രാങ്ക് – 83.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.94, ബഹറിന്‍ ദിനാര്‍ – 212.17, കുവൈത്ത് ദിനാര്‍ -259.94, ഒമാനി റിയാല്‍ – 207.72, സൗദി റിയാല്‍ – 21.29, യു.എ.ഇ ദിര്‍ഹം – 21.76, ഖത്തര്‍ റിയാല്‍ – 21.95, കനേഡിയന്‍ ഡോളര്‍ – 61.54.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *