web cover 14

◼️ഡെയ്ലി ന്യൂസ് ലൈവിലേക്കു ചുവടുവയ്ക്കുന്നു. നാളെ മുതല്‍ ഉച്ചയ്ക്കു 11 നും വൈകുന്നേരം ഏഴിനും ന്യൂസ് അപ്ഡേറ്റ്സ്. അഞ്ചു വര്‍ഷമായി ജനലക്ഷങ്ങളുടെ വിരല്‍ത്തുമ്പിലുള്ള ഡെയ്ലി ന്യൂസിന്റെ പ്രഭാത, സായാഹ്ന വാര്‍ത്തകളും വിവിധ പ്രോഗ്രാമുകളും ന്യൂസ് അപ്ഡേറ്റ്സും ഇനി ഒറ്റ കുടക്കീഴില്‍. വെബ്സൈറ്റ് പുന:സമര്‍പ്പണം നാളെ. ലോഗിന്‍ കര്‍മം: കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ പ്രഫ. കെ. സച്ചിദാനന്ദന്‍. www.dailynewslive.in

◼️സ്വാതന്ത്രത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപയിന്‍ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണം. ഓഗസ്റ്റ് രണ്ടു മുതല്‍ സമൂഹ്യ മാധ്യമങ്ങളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി നിര്‍ദേശിച്ചു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

◼️പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഝാര്‍ഖണ്ഡിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ 50 ലക്ഷം രൂപ വീതമുള്ള പണക്കെട്ടുകളുമായി പിടിയിലായി. ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ സാരി വാങ്ങാനുള്ള പണമാണെന്ന് പിടിയിലായ ഝാര്‍ഖണ്ഡ് എംഎല്‍എമാര്‍. മൂന്ന് എംഎല്‍എമാരെയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി പണം നല്‍കി വേട്ട നടത്തിയതാണെന്ന് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ചു ചെയതതുതന്നെയാണ് ഇവിടേയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com

◼️പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ അഞ്ചു വരെയാണ് സമയം നീട്ടിയത്.

◼️പ്ലസ് വണ്‍ പ്രവേശനത്തിന് 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്കു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കമ്യൂണിറ്റി ക്വാട്ടയുടെ പത്തു ശതമാനം സീറ്റുകള്‍ മാറ്റിവച്ചാണ് അലോട്മെന്റ് നടത്തുക.

◼️കെ റെയിലിനെതിരായ രണ്ടാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കെ റെയില്‍ വിരുദ്ധ സമിതി കൊച്ചിയില്‍ യോഗം ചേരുന്നു. നേരിട്ടുള്ള സര്‍വേയ്ക്കു പകരം ജിയോ ടാഗിംഗുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കേയാണ് യോഗം.

◼️കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ തേക്കടിയിലും മറ്റിടങ്ങളിലും വാങ്ങിയ ഭൂമി കണ്ടുകെട്ടാതെ സര്‍ക്കാര്‍. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് നിക്ഷേപകരും ഓഹരിയുടമകളും ആവശ്യപ്പെട്ടു. തട്ടിപ്പില്‍ പങ്കില്ലെന്ന് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രന്‍. ബാങ്ക് സെക്രട്ടറി സുനിലാണ് എല്ലാം ചെയ്തതെന്നും ചന്ദ്രന്‍. എന്നാല്‍ എല്ലാം ചന്ദ്രന്റെ അറിവോടെയായിരുന്നെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. അതുകൊണ്ടാണു ചന്ദ്രനെ പാര്‍ട്ടി പുറത്താക്കിയത്. തട്ടിപ്പില്‍ മുഖ്യപ്രതിയായ ചന്ദ്രനെതിരേ കേസില്ലെന്ന് കേസില്‍ ഒന്നാം പ്രതിയായ ടി.ആര്‍. സുനില്‍കുമാറിന്റെ പിതാവ് ആരോപിച്ചിരുന്നു.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖

◼️സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലന്‍ അധ്യക്ഷനായ ഹരിപ്പാട് കുമാരപുരം സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട്. സ്വര്‍ണ പണയം, വായ്പകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റിലാണു ക്രമക്കേട് കണ്ടെത്തിയത്. പണയ പണ്ടം ഇല്ലാതെ 32 പേര്‍ക്ക് ഒരു കോടി രൂപയോളം വായ്പ നല്‍കിയതിനെക്കുറിച്ചും
സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.

◼️അടുത്ത ദിവസങ്ങളില്‍ തീവ്രമഴയെന്നു മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതല്‍ മഴ കിട്ടുക മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായിരിക്കും.

◼️കോഴിക്കോട് തോപ്പയിലില്‍ അറുപത്തേഴാം വാര്‍ഡിലെ ജനസഭയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പെടെ 75 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആവിക്കല്‍ മാലിന്യപ്ലാന്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വിളിച്ച യോഗത്തില്‍ കൈയാങ്കളിയും പോലീസ് ലാത്തിച്ചാര്‍ജും നടന്നിരുന്നു. അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണു കേസ്.

◼️കെഎസ്ഇബിയില്‍ യൂണിയനുകളുടെ ആവശ്യം അംഗീകരിച്ച് പുതിയ ചെയര്‍മാന്‍. ചെയര്‍മാന്റെ മുറിക്കു മുന്നിലെ സുരക്ഷാ ജീവനക്കാരെ മാറ്റാന്‍ എസ്ഐ എസ്എഫ് കമാന്‍ഡര്‍ക്ക് കെഎസ്ഇബി കത്തയച്ചു. മുന്‍ ചെയര്‍മാന്‍ ബി അശോക് ഉപയോഗിച്ചിരുന്ന വയര്‍ലെസ് വാക്കിടോക്കി പുതിയ ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെ ഉപയോഗിക്കുന്നില്ല. പുതിയ വാഹനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ മരവിപ്പിച്ചു.

◼️സംസ്ഥാനതല ഓണം വാരാഘോഷത്തിന് 7.47 കോടി രൂപ അനുവദിച്ചു. സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ എല്ലാ ജീല്ലാ ആസ്ഥാനങ്ങളിലും ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് മഹാമാരിമൂലം രണ്ടു വര്‍ഷം ഓണം വാരാഘോഷം ഇല്ലായിരുന്നു.

◼️എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◼️പന്തിരിക്കരയില്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് ലൈംഗികപീഡനത്തിനും കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പത്തനംതിട്ട സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്തു സംഘംതട്ടിക്കൊണ്ടു പോയ ഇര്‍ഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തത്. പ്രതികള്‍ വിദേശത്താണ്.

◼️കോഴിക്കോട്ട് പാളയത്ത് പൂലര്‍ച്ചെ മൂന്നിന് വാഹന പരിശോധനക്കിടെ കസബ എസ്ഐ അഭിഷേകിനുനേരെ ആക്രമണം നടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു. കോട്ടപറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്‍, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

◼️ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കോഴിക്കോട് കരിപ്പൂരില്‍ പിടിയിലായത്. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് 2.64 കിലോ സ്വര്‍ണ മിശ്രിതവുമായി പിടിയിലായത്.

◼️സിനിമ, സീരിയന്‍ നടന്‍ ബാബുരാജ് വാഴപ്പിള്ളി അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കുറ്റൂരുചാലിലാണ് താമസിച്ചിരുന്നത്.

◼️കൊച്ചി നാവിക കേന്ദ്രത്തില്‍ നാവികന്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി കുന്ദന്‍ മൗര്യയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം.

◼️മൂവാറ്റുപുഴയില്‍ വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റു മരിച്ചു. രണ്ടാര്‍ കക്കാട്ട് ഷിഹാബിന്റെ മകന്‍ നാദിര്‍ഷാ ആണ് മരിച്ചത്.

◼️കോഴിക്കോട്ടെ ഒരു വീട്ടിലെ കുളിമുറിയില്‍ സ്ത്രീകള്‍ കുളിക്കുന്നത് പകര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍. ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷാണ് (31) പിടിയിലായത്. കാമറ എടുക്കാന്‍ വന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

◼️എരുമേലി തുമരംപാറ വനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍നാശനഷ്ടം. റവന്യൂ വകുപ്പിന്റെ കണക്കെടുപ്പ് തുടരുകയാണ്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

◼️മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ടു നോട്ടീസുകളും റാവത്ത് ഗൗനിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കള്ളപ്പണമായി എത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.

◼️രാഷ്ട്രപതിയെ പേരുമാത്രം വിളിച്ച മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ സഭാരേഖയില്‍നിന്നു നീക്കണമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രപതിയെ ആദരമില്ലാതെ പരാമര്‍ശിച്ച മന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്കു കത്തു നല്‍കി.

◼️മംഗളൂരു സൂറത്കലിലെ ഫാസില്‍ കൊലക്കേസില്‍ കാറോടിച്ചയാള്‍ അറസ്റ്റില്‍. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്.

◼️ഗുജറാത്തികളും രാജസ്ഥാനികളും പോയാല്‍ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന മഹാരാഷ്ട്ര ഗവര്‍ണറുടെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയുടെ വളര്‍ച്ചയില്‍ പല വിഭാഗങ്ങളുടെയും സംഭാവനയുണ്ട്. എന്നാല്‍ മറാഠികളുടെ സംഭവനയെ ഇകഴ്ത്തിക്കാണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

◼️ഗുജറാത്തിലെ സൂറത്തില്‍ മുനിസിപ്പല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രിന്‍സിപ്പല്‍ നിശാന്ത് വ്യാസ് അറസ്റ്റില്‍. സ്‌കൂള്‍ അധികൃതര്‍തന്നെയാണ് പ്രിന്‍സിപ്പലിനെതിരേ പരാതി നല്‍കിയത്.

◼️അമേരിക്കന്‍ നഗരമായ കെന്റക്കിയിലെ പ്രളയത്തില്‍ മരണം 25 ആയി. അപ്പലാച്ചിയ മേഖലയിലാണ് വെള്ളപ്പൊക്കം. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബേഷ്യര്‍ വ്യക്തമാക്കി.

◼️അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ്. രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധിച്ച ജോ ബൈഡന്‍ രോഗമുക്തനായതിനു പിറകേയാണ് വീണ്ടും അണുബാധ ഉണ്ടായത്.

◼️പദവി ഒഴിയാന്‍ താത്കാലം തീരുമാനിച്ചിട്ടില്ലെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഭാവിയില്‍ പദവി ഒഴിയും, എന്നാല്‍ ഇപ്പോഴില്ല. ആരോഗ്യ കാരണങ്ങളാല്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചു.

◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം വെള്ളിമെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തില്‍ 202 കിലോ ഉയര്‍ത്തി ബിന്ധ്യാറാണിയാണ് ഗെയിംസില്‍ ഇന്ത്യയുടെ നാലാം മെഡല്‍ സ്വന്തമാക്കിയത്.

◼️പുതിയ മാറ്റം പിന്‍വലിച്ച് ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികൂലമായ പ്രതികരണങ്ങളെ തുടര്‍ന്നാണ് നടപടി. ഫുള്‍ സ്‌ക്രീന്‍ ഹോം ഫീഡ് ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ് ഇന്‍സ്റ്റഗ്രാം ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ പോസ്റ്റുകള്‍ റെക്കമെന്റ് ചെയ്യുന്നതില്‍ താല്‍കാലികമായി കുറവു വരുത്താനും ഇന്‍സ്റ്റാഗ്രാം തീരുമാനിച്ചു. ടിക്ടോക്കിന് സമാനമായി ഫുള്‍ സ്‌ക്രീന്‍ കാണും വിധത്തിലുള്ള വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പുതിയ ഡിസൈന്‍ ഈ അടുത്താണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇത്തരമൊരു ആശയങ്ങളില്‍ നിന്ന് പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെ വരുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

◼️മോട്ടോറോളയുടെ പുതിയ മിഡ് റേഞ്ച് ഹാന്‍ഡ്സെറ്റ് മോട്ടോ ജി 32 പുറത്തിറങ്ങി. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റുളള 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്‌പ്ലേയാണ് സ്മാര്‍ട് ഫോണിന്റെ പ്രധാന ഫീച്ചര്‍. ഡോള്‍ബി അറ്റ്‌മോസ് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 680 ആണ് പ്രോസസര്‍. 50 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ സജ്ജീകരണവും മികച്ചതാണ്. മിനറല്‍ ഗ്രേ, സാറ്റിന്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ലാറ്റിനമേരിക്കന്‍, ഇന്ത്യന്‍ വിപണികളിലും ഉടന്‍ തന്നെ മോട്ടോ ജി32 അവതരിപ്പിച്ചേക്കും.

◼️കന്നഡത്തില്‍ നിന്നെത്തിയ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവും മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയാണ്. കിച്ച സുദീപ് നായകനായ വിക്രാന്ത് റോണയാണ് ആ ചിത്രം. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 28.25 കോടിയാണ്. കാന്‍വാസിന്റെ വലിപ്പം കൊണ്ട് വലിയ പ്രീ- റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 13.50 കോടിയായിരുന്നു. വെള്ളിയാഴ്ച 6.50 കോടിയും വെള്ളിയാഴ്ച 8.25 കോടിയും ചിത്രം നേടി. ഇതില്‍ കര്‍ണാടകത്തില്‍ നിന്നാണ് 18.50 കോടിയും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 4.10 കോടിയും തമിഴ്നാട്ടിലും കേരളത്തില്‍ നിന്നുമായി 1.75 കോടിയും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് 3.90 കോടിയും ചിത്രം നേടി. നാല് ദിന വാരാന്ത്യത്തിലെ ആകെ കളക്ഷന്‍ 37- 38 കോടി വരുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

◼️ഇതുവരെയെത്തിയ പ്രീ- റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളാല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന തല്ലുമാല. ഇചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ണ്ടാക്കിപ്പാട്ട് എന്ന് അണിയറക്കാര്‍ വിളിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ മുഹ്സിന്‍ പരാരിയുടേതാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയ്. വിഷ്ണു വിജയ്, മുഹ്സിന്‍ പരാരി, ഷെംബകരാജ്, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിന്‍ ഡാന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

◼️മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജനപ്രിയ മോഡലായ സ്‌കോര്‍പ്പിയോയുടെ പുതുതലമുറയായ സ്‌കോര്‍പ്പിയോ എന്നിനുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ നിമിഷങ്ങളില്‍ തന്നെ കമ്പനിയെയും വാഹനലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ് സ്‌കോര്‍പ്പിയോ എന്‍. ബുക്കിംഗ് ആരംഭിച്ച് ഒരു മിനിറ്റിനുള്ളില്‍ മോഡലിന് 25,000 ബുക്കിംഗുകള്‍ ലഭിച്ചു. തുടര്‍ന്ന് വെറും അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗിലേക്ക് വാഹനം കുതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് സാധ്യതയുള്ള വില്‍പ്പന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഒറ്റയടിക്ക് സ്വന്തമാക്കിയത് ഏകദേശം 18,000 കോടി രൂപ! രാജ്യത്തെ ഒരു പുതിയ മോഡലിന് ലഭിക്കുന്ന റെക്കോര്‍ഡ് ബുക്കിംഗ് ആണിത്. 11.99 ലക്ഷം മുതല്‍ 23.90 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ-എന്‍- ന്റെ എക്സ്-ഷോറൂം വില.

◼️പല രൂപത്തിലും ഭാവത്തിലും ഉടലെടുക്കുകയും നിലനില്ക്കുകയും ചെയ്യുന്ന തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍. കാല്‍നൂറ്റാണ്ടുകാലം തീവ്രവാദരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥകാരന്‍, മനുഷ്യസമൂഹത്തിന്റെ നീതിപൂര്‍വകമായ വളര്‍ച്ചയ്ക്ക് ആ ആശയം ഗുണകരമല്ല എന്ന അടിവരയിടുന്നു. ‘തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും’. രണ്ടാം പതിപ്പ്. കെ വേണു. മാതൃഭൂമി ബുക്സ്. വില 133 രൂപ.

◼️കഴുത്തിലെ കശേരുക്കളുടെയും ഡിസ്‌കിന്റെയും അമിതമായ തേയ്മാനമാണ് കഴുത്തുവേദന ഉളവാക്കുന്ന സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്. കഴുത്തിലെ സന്ധികളുടെ തേയ്മാനം 25 മുതല്‍ 30 വയസ്സില്‍ തന്നെ കണ്ടു തുടങ്ങാം. 60 വയസ്സ് കഴിഞ്ഞ 90 % പേരിലും ഇത് എക്സ്റേ പരിശോധനയില്‍ കാണാം. എന്നാല്‍ ഇവര്‍ക്കൊന്നും വേദനയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവണമെന്നില്ല. പ്രത്യേകിച്ചും കൃത്യമായി വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍. കൃത്യമായ വ്യായാമങ്ങള്‍ സന്ധികള്‍ക്കു സ്ഥിരമായി നല്‍കിയില്ലെങ്കില്‍ അവ കൂടുതലായി തേഞ്ഞുപോകുകയും വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണം ആകുകയും ചെയ്യും. കഴുത്തിനു പുറകിലുണ്ടാകുന്ന വേദന, കഴുത്തിന്റെ ചലനം കുറഞ്ഞ് ഉറയ്ക്കുക. കഴുത്തില്‍ നിന്നും കൈയിലേക്ക് പോകുന്ന നാഡികള്‍ക്കോ സുഷുമ്നാ നാഡിക്കോ ഉണ്ടാകുന്ന ഞെരുക്കം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. വരാനുള്ള കാരണങ്ങളില്‍ ഒന്ന് പ്രായം കൂടുമ്പോഴാണ്. പുകവലിക്കാര്‍, തല കൂടുതല്‍ കുനിച്ചു കൊണ്ടോ, കൂടുതല്‍ സമയം ഉയര്‍ത്തി കൊണ്ടോ, തലയില്‍ വലിയ ഭാരം താങ്ങുന്ന തരം ജോലിയുള്ളവര്‍ എന്നിവരിലും കാണാം. കുറെ ഏറെ നേരം തല ഒരേ സ്ഥിതിയില്‍ വയ്ക്കേണ്ടി വരുന്നവര്‍. ഉദാഹരണത്തിന് കംപ്യൂട്ടര്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍. കൂടുതല്‍ സമയം സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരിലും ഇത് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. കഴുത്തിനു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കു നേരിട്ടും കഴുത്തിന്റെ വേദന ഉള്ളവര്‍ക്കു ഡോക്ടറുടെ നിര്‍ദേശാനുസരണവും വ്യായാമം ചെയ്തു തുടങ്ങാം. കഴുത്തിന്റെ കശേരുക്കളുടെ വഴക്കം കൂട്ടുന്നതും കഴുത്തിനു ചുറ്റുമുള്ള പേശികളുടെ ശക്തി കൂട്ടുന്നതുമായ വ്യായാമങ്ങളാണ് ഉചിതം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *