കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അവശ്യ മരുന്നുകളുടെ വിലനിയന്ത്രണ പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പെടുത്തുന്ന പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉണ്ടാകും. കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലുമായി എല്ലാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. പ്രതിവര്‍ഷം പത്തു ശതമാനംവരെ വില വര്‍ധിപ്പിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്.
ഒരു മാസത്തിനകം സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പൂര്‍ത്തിയാക്കണമെന്നു കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ നിര്‍ദേശം. ഡിസിസി അധ്യക്ഷന്മാരെ മാറ്റാതെ ജില്ലാതല അഴിച്ചുപണി നടത്താം. പുതിയ നിയമനത്തിന് ഗ്രൂപ്പ് മാനദണ്ഡമാകില്ല. യുഡിഎഫ് വിപുലീകരിക്കണം. കോഴിക്കോടു നടക്കുന്ന ചിന്തന്‍ ശിബിര്‍ ഇന്നു വൈകുന്നേരത്തോടെ സമാപിക്കും.
സര്‍ട്ടിഫിക്കറ്റുകളില്‍ അച്ഛന്റെ പേര് നിര്‍ബന്ധമല്ലെന്നും അമ്മയുടെ പേര് നല്‍കിയാല്‍ മതിയെന്നും കേരള ഹൈക്കോടതി. അച്ഛന്‍ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അമ്മയുടെ പേരു മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.
കൊവിഡ് പ്രതിസന്ധിക്കിടെ 4.23 ലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലേക്കു തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഇക്കാലത്ത് ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1.41 ലക്ഷം ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയി. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണക്കാര്‍ക്കു നീതി കിട്ടുന്നതാകണം നിയമമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിയമ ദേവതയല്ല, നീതി ദേവതയാണുള്ളത്. നിയമങ്ങള്‍ ചിലപ്പോള്‍ അനീതിയാകാറുണ്ട്. നമ്മുടെ ഭരണഘടനയേക്കാള്‍ ശക്തമായ ഭരണഘടന മറ്റൊരിടത്തും ഇല്ല. വിധി എഴുതുന്ന ജഡ്ജിമാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റ് നിയമസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കു കഴിഞ്ഞ മാസത്തെ വേതനം ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ ജൂണ്‍ മാസത്തെ ഉച്ചഭക്ഷണ ചെലവും കൊടുത്തില്ല. ശമ്പളം ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിന്‍ഡിക്കറ്റിന്റെ അനുമതിയില്ലാതെ കോളജിന് അനുമതി നല്‍കിയെന്ന് പരാതി. പടന്ന ടി കെ സി എജുക്കേഷണല്‍ സൊസൈറ്റിക്കു കോളജ് തുടങ്ങാന്‍ തിടുക്കത്തില്‍ അനുമതി നല്‍കിയെന്നാണ് പരാതി.
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇടതു സര്‍ക്കാര്‍ ആയിരത്തോളം ദിവസം പരോള്‍ അനുവദിച്ചെന്ന് വിവരാവകാശ രേഖ. കെ.സി രാമചന്ദ്രന് 924 ദിവസമാണ് പരോള്‍ നല്‍കിയത്. മനോജന്‍ 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫ് 372 ദിവസവും സിജിത്തും ഷിനോജും 370 ദിവസം വീതവും പരോള്‍ നേടി പുറത്തായിരുന്നു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ ഭേദമില്ലാതെ തുല്യവേതനത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച അപര്‍ണ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണ്. പ്രതിഫലത്തില്‍ വിവേചനം ആവശ്യമില്ല. താന്‍ വലിയ പ്രതിഫലം വാങ്ങാത്തതയാളാണെന്നും അപര്‍ണ പറഞ്ഞു.
കിളിമാനൂരില്‍ വീടിനു മുന്നില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയില്‍വേ ജിവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.
പാലക്കാട് കരിമ്പയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. ബസ് സറ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്ന് വിദ്യാര്‍ഥികള്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. അതിക്രമം തടയാന്‍ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റിയാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.
എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന് സ്വപ്ന സുരേഷ്. പിടിച്ചെടുത്ത ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മുക്കിയെന്നും സ്വപ്ന ആരോപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനം. എന്തിന് ആലപ്പുഴക്കാരുടെ തലയില്‍ ഇയാളെ കെട്ടിവയ്ക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്നു ബ്രാന്‍ഡ് ചെയ്യുന്നതു ശരിയല്ലെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊന്നു തുടങ്ങി. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പീഡന കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.വി കൃഷ്ണകുമാറിനെതിരെയാണ് നടപടി. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എടക്കാട് പൊലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍ മാടായിയില്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ബീച്ച് റോഡ് സ്വദേശി ജോണി (55) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂന്നാറിലെ ജ്വല്ലറിയില്‍നിന്ന് 36 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീയെ മൂന്നാര്‍ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശിനിയായ രേഷ്മ എന്ന മുപ്പത്തഞ്ചുകാരിയാണ് പിടിയിലായത്. 80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കിയശേഷം 36 ഗ്രാം തൂക്കംവരുന്ന രണ്ടു മാലകള്‍ എടുത്തു മാറ്റിവയ്പിച്ചു. വൈകുന്നേരം ഭര്‍ത്താവുമൊന്നിച്ചു വന്നു പണം തരാമെന്നു പറഞ്ഞ് സ്ഥലംവിട്ടു. രാത്രി സിസിടിവി പരിശോധിച്ചപ്പോഴാണ് ആഭരണക്കവര്‍ച്ച ബോധ്യമായത്.
കല്‍പ്പറ്റ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സഹോദരികളായ രണ്ട് ആദിവാസി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലു പേര്‍ അറസ്റ്റില്‍. പനമരം സ്വദേശികളായ അഭിലാഷ്, അജിത്ത്, രാജു, രാജേഷ് എന്നിവരെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലയിലെ കുറ്റപ്പുഴയില്‍ ആങ്കണവാടി അധ്യാപികയായ അറുപതുകാരിയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണിയാണ് കൊല്ലപ്പെട്ടത്.
സ്‌കൂട്ടര്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് വില്‍പ്പന നടത്തിയ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കളിയാക്കാവിള കോയി വിളയി സ്വദേശി മുഹമ്മദ്ഖാന്‍ ആണ് പിടിയിലായത്.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മു നാളെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു ചുമതല ഒഴിയും.
അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ആര്‍മി ആശുപത്രിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ സംശയം പ്രകടിപ്പിച്ചാണ് ആര്‍മി ആശുപത്രിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ശാരീരിക അസ്വസ്ഥതകള്‍മൂലം പാര്‍ത്ഥ ചാറ്റര്‍ജിയെ ചോദ്യം ചെയ്യാനായിട്ടില്ല. ചോദ്യം ചെയ്യാന്‍ കോടതി എന്‍ഫോഴ്സ്മെന്റിന് അനുവദിച്ച സമയം നാളത്തോടെ അവസാനിക്കും.
മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് ബെര്‍ണാഡ് എന്‍ മാരകിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ അനാശാസ്യകേന്ദ്രം. പോലീസ് നടത്തിയ റെയ്ഡില്‍ 73 പേരെ അറസ്റ്റു ചെയ്തു. ആറു കുട്ടികളെ മോചിപ്പിച്ചു. കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമെന്ന് ബര്‍ണാഡ്.
ഡല്‍ഹിയിലും യുവാവിനു മങ്കിപോക്സ്. വിദേശ യാത്ര നടത്താത്ത മുപ്പത്തിനാലുകാരനാണു രോഗബാധ. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. മൂന്നു പേര്‍ കേരളത്തിലാണ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ഗോവയിലെ ബാര്‍ റസ്റ്റോറന്റിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. ബാര്‍ റസ്റ്റോറന്റ് തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്ന വീഡിയോയാണ് പുറത്തുവിട്ടത്. മകള്‍ ബാറുടമയല്ല, വിദ്യാര്‍ത്ഥിനിയാണെന്നാണ് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും അയ്യായിരം കോടി അപഹരിച്ചെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
റോഡില്‍നിന്നു കിട്ടിയ 45 ലക്ഷം രൂപ അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് ട്രാഫിക് പോലീസുകാരന്‍. ചത്തീസ്ഗഡിലെ നയി റായ്പൂരിലെ കോണ്‍സ്റ്റബിള്‍ നിലംബര്‍ സിന്‍ഹയാണ് റോഡില്‍നിന്നു കിട്ടിയ പണമടങ്ങിയ ബാഗ് പോലീസില്‍ ഏല്‍പിച്ചത്.
പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിയനുസരിച്ച് 2016-17 മുതല്‍ 2022 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷത്തിനിടെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 1.19 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്കു ക്ലെയിം നല്‍കി. ആകെ 1.59 ലക്ഷം കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു ലഭിച്ച പ്രീമിയം. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 40,000 കോടി രൂപ നേട്ടമുണ്ടാക്കി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രാജ്യസഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രക്ക് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിത്തിളക്കം. ഇതോടെ ഒളിംപിക്സിലും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. ഇതിന് മുമ്പ് ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക മീറ്റില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളൂ. പാരീസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു വെങ്കലമായിരുന്നു സ്വന്തമാക്കിയത്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.
നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി മുന്‍ അത്‌ലറ്റും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജ്. നീരജിനെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ അത്‌ലറ്റ് എന്നാണ് അഞ്ജു വിശേഷിപ്പിച്ചത്.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ മലയാളി താരം എല്‍ദോസ് പോളിന് ഫൈനലില്‍ നിരാശ. ഇന്ന് നടന്ന ഫൈനലില്‍ ഒമ്പതാം സ്ഥാനത്താണ് എല്‍ദോസിന് ഫിനിഷ് ചെയ്യാനായത്.
ഇന്ത്യയുടെ ആഭരണ കയറ്റുമതിയില്‍ 15 ശതമാനവും യു.എ.ഇയിലേക്ക്. 2021-22ല്‍ 580 കോടി ഡോളറിന്റെ ജെം ആന്‍ഡ് ജുവലറി കയറ്റുമതിയാണ് യു.എ.ഇയിലേക്ക് നടന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ വര്‍ഷം മേയില്‍ യു.എ.ഇയിലേക്കുള്ള സ്വര്‍ണാഭരണ കയറ്റുമതി 63 ശതമാനം വര്‍ദ്ധിച്ച് 13.52 കോടി ഡോളറിലെത്തിയിരുന്നു. ജൂണില്‍ ഇത് 59 ശതമാനം വാര്‍ഷിക വര്‍ദ്ധനയുമായി 11.67 കോടി ഡോളറായി. മേയില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ത്യന്‍ ആഭരണ കയറ്റുമതിക്കാര്‍ക്ക് നികുതിയില്ലാതെ യു.എ.ഇ വിപണിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യ-യു.എ.ഇ മൊത്തം വ്യാപാര ഇടപാട് 7,300 കോടി ഡോളറിന്റേതായിരുന്നു. ഏതാനും വര്‍ഷത്തിനകം ഇത് 10,000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂലായ് 15ന് സമാപിച്ച ആഴ്ചയില്‍ 754.1 കോടി ഡോളര്‍ ഇടിഞ്ഞ് 20 മാസത്തെ താഴ്ചയായ 57,271.2 കോടി ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് ഇടിവിന് മുഖ്യകാരണം. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 652.7 കോടി ഡോളര്‍ താഴ്ന്ന് 51,156.2 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 83 കോടി ഡോളര്‍ ഇടിഞ്ഞ് 3,835.6 കോടി ഡോളറിലെത്തി. കഴിഞ്ഞ ഒക്ടോബറില്‍ കുറിച്ച 64,200 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരും. രൂപയെ രക്ഷിക്കാനായി മാത്രം കഴിഞ്ഞ ആഴ്ചകളിലായി റിസര്‍വ് ബാങ്ക് 5,000 കോടി ഡോളര്‍ വിറ്റൊഴിഞ്ഞെന്നാണ് വിലയിരുത്തല്‍.
ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്ത്. ഷെയ്‌നും ഒരു കൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 19നാകും ഷെയ്ന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പ്രിയ ആനന്ദ്, സിദ്ധിഖ്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരെ പോസ്റ്ററില്‍ കാണാം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും എത്തുന്നുണ്ട്. ‘വിധി തീര്‍പ്പിലും. പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്.
മാരുതി സുസുക്കി തങ്ങളുടെ ഏഴ് സീറ്റുള്ള ജനപ്രിയ എംപിവി എര്‍ട്ടിഗയുടെ വില വര്‍ധിപ്പിച്ചു. പുതിയ തലമുറ മോഡല്‍ അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ ആണ് ഈ വര്‍ദ്ധനവ്. ഈ വര്‍ഷം ഏപ്രിലില്‍ മാരുതി സുസുക്കി എര്‍ട്ടിഗയെ 8.35 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചിരുന്നു. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന് 6,000 രൂപ വര്‍ധിപ്പിക്കുമെന്നാണ് കാര്‍ നിര്‍മ്മാതാവ് പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ വില വര്‍ദ്ധനയോടെ, എര്‍ട്ടിഗയുടെ ദില്ലി എക്സ്-ഷോറൂം പ്രാരംഭ വില 8.41 ലക്ഷം രൂപയായി ഉയരും. വില കൂട്ടുന്നതിനൊപ്പം എര്‍ട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ഇഎസ്പിയും ഹില്‍ ഹോള്‍ഡ് അസിസ്റ്റും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി സജ്ജീകരിക്കും.
കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്ത നക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഹെന്റിക് ഇബ്സന്‍. ആദ്യമായാണ് അദ്ദേഹത്തിന്റെ നാകങ്ങളുടെ സമാഹാരങ്ങള്‍ മലയാളത്തിലുണ്ടാവുന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടകങ്ങളുടെ വിവര്‍ത്തനങ്ങളിലൂടെ ഇബ്സന്റെ രചനകളെ മലയാളവായനക്കാര്‍ക്ക് പ്രാപ്യമാക്കുകയാണ് ഈ പുസ്തകത്തിലൂടെ. ‘ഇബ്സന്റെ നാടകങ്ങള്‍’. എച്ച് & സി ബുക്സ്. വിവര്‍ത്തനം: പി.ജെ. തോമസ്. വില 500 രൂപ.
കൊളസ്ട്രോളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് തിരിച്ചറിയാന്‍ പാകത്തിലുള്ള ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിപ്പിക്കാറുണ്ട്. കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയാണ് പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്റെ സുവ്യക്തമായ ലക്ഷണങ്ങള്‍. കൊളസ്ട്രോള്‍ രക്തധമനികളില്‍ കെട്ടിക്കിടന്ന് കൈ, കാലുകളിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുമ്പോഴാണ് ഈ വേദനയുണ്ടാകുന്നത്. കൈകള്‍ ഉപയോഗിച്ച് എഴുതുമ്പോഴോ തയ്ക്കുമ്പോഴോ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ ഒക്കെ ഈ വേദന പെട്ടെന്ന് ഉണ്ടാകാം. കൈകള്‍ അനക്കുമ്പോള്‍ ഉണ്ടാകുന്ന ഈ വേദന അവയ്ക്ക് വിശ്രമം നല്‍കുമ്പോള്‍ ഏതാനും മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമാകും. കാലുകളിലും സമാനമായ വേദന പെരിഫെറല്‍ ആര്‍ട്ടറി രോഗം ഉണ്ടാക്കും. ഇരുകാലുകളിലും ഒരേ സമയം വേദന ഉണ്ടാകുമെങ്കിലും ഒരു കാലില്‍ അല്‍പം അധികമായിരിക്കും ഇത്. കാലുകളില്‍ മരവിപ്പ്, ഇടുപ്പുകളില്‍ വേദന, കൈകാലുകള്‍ ദുര്‍ബലമാകുകയും പള്‍സ് ഇല്ലാതിരിക്കുകയും ചെയ്യുക, കാലുകളിലെ രോമം കൊഴിയുക, നഖങ്ങള്‍ പതിയെ വളരുക, കാലുകളില്‍ ഉണ്ടാകുന്ന വൃണങ്ങള്‍ കരിയാതിരിക്കുക, കാലുകളിലെ ചര്‍മത്തിന്റെ നിറം മങ്ങുകയോ നീലനിറമാകുകയോ ചെയ്യുക എന്നിവയെല്ലാം പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. പുരുഷന്മാരില്‍ ലൈംഗിക ഉദ്ധാരണശേഷിക്കുറവും ഇത് മൂലം ഉണ്ടാകാം. ഇത്തരം വേദനകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലൂടെ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് അറിയേണ്ടതാണ്. കൊളസ്ട്രോള്‍ ഉള്ളവര്‍ ആരോഗ്യകരമായ, എണ്ണ കുറഞ്ഞ ഭക്ഷണം കഴിക്കാനും, നിത്യവും വ്യായാമം ചെയ്യാനും, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കാനും അമിതഭാരം കുറയ്ക്കാനും, പഞ്ചസാര അടങ്ങിയ സംസ്‌കരിച്ച ഭക്ഷണത്തില്‍ നിന്ന് അകന്നു നില്‍ക്കാനും ശ്രദ്ധിക്കേണ്ടതാണ്.