പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം, ധര്‍ണ, സത്യഗ്രഹം എന്നിവ നിരോധിച്ചു. പാര്‍ലമെന്റ് സെക്രട്ടറി ജനറലാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ പാര്‍ലമെന്റിലും പാര്‍ലമെന്റ് പരിസരത്തും പ്രതിഷേധിക്കുന്നതു ഗുരുതരമായ നിയമലംഘനമാക്കി. പാര്‍ലമെന്റില്‍ അഴിമതിക്കാരന്‍, സ്വേച്ഛാധിപതി എന്നിങ്ങനെ 65 വാക്കുകള്‍ നിരോധിച്ചിരിക്കേയാണ് പുതിയ നിരോധനം.

കെ.കെ രമയ്ക്കെതിരേ എം.എം മണിയുടെ പ്രസംഗത്തിനെതിരെ സഭയില്‍ ബഹളം. മണി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് നിന്ദ്യമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിധിച്ചത് പിണറായിയുടെ പാര്‍ട്ടി കോടതിയാണ്. വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തതായിരുന്നെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎല്‍എ ഇ.കെ വിജയന്‍. ചെയറിലിരുന്ന വിജയന്‍ സ്പീക്കറുടെ സെക്രട്ടറിയോട് സംസാരിച്ചതിന്റെ സഭാ ടീവി വീഡിയോ പുറത്തുവന്നു. എന്നാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സ്പീക്കര്‍ എം.ബി രാജേഷ് നിലപാടെടുത്തത്.

ബ്രുവറി കേസില്‍ നികുതി വകുപ്പിലെ ഫയലുകള്‍ ഹാജരാക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. സ്വകാര്യ അന്യായത്തിന്മേല്‍ വിജിലന്‍സ് കോടതിക്ക് കേസെടുക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമായാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തലയാണ് ബ്രൂവറി അഴിമതി കേസുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്.

വളപട്ടണം ഐഎസ് കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതിഅബ്ദുള്‍ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് കൊച്ചി എന്‍.ഐ.എ കോടതി പ്രഖ്യാപിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍നിന്ന് 15 പേരെ തീവ്രവാദ സംഘമായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസാണിത്.

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നടിയെ അക്രമിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഡി ജിപിയായിരുന്ന ശ്രീലേഖയെ ചോദ്യം ചെയ്യണം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം. അന്വേഷണത്തിന് മൂന്നാഴ്ച കൂടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും വിചാരണ കോടതിയെ അറിയിച്ചു.

‘കോണ്‍ഗ്രസ് സൃഷ്ടിച്ച മോണ്‍സ്റ്ററാണ് നരേന്ദ്ര മോദി’യെന്ന് സിപിഎം നേതാവ് എ.എന്‍. ഷംസീര്‍ നിയമസഭയില്‍. കോണ്‍ഗ്രസ് വളര്‍ത്തിയ മോണ്‍സ്റ്റര്‍ കോണ്‍ഗ്രസിനേയും രാജ്യത്തേയും വിഴുങ്ങിയെന്നും ഷംസീര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ഷംസീര്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പുതിയ അഞ്ചു കേസ്സുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കെട്ടിട ഉടമകളില്‍ ചിലര്‍ വിദേശത്തേക്ക് കടക്കാനിടയുള്ളതിനാല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാനും ആലോചനയുണ്ട്.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം നിലച്ചു. പണി പൂര്‍ത്തീകരിക്കാത്ത കരാറുകാരെ ജലസേചന വകുപ്പ് ഒഴിവാക്കി. ഇതോടെ അടുത്ത സീസണിലും ശബരിമലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. 56 കോടി രൂപ എസ്റ്റിമേറ്റിട്ട കുടിവെള്ള പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പൈപ്പിടാന്‍ പാറ പൊട്ടിക്കാന്‍ വൈകിയതും കൊവിഡുമാണ് തടസമായതെന്നു കരാറുകാരന്‍ പറയുന്നു. 22 കോടി രൂപ കിട്ടാനുണ്ടെന്നും കരാറുകാര്‍ പറയുന്നു.

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 89 ാം പിറന്നാള്‍. ആഘോഷങ്ങളോ സന്ദര്‍ശകരുടെ തിരക്കോ ഇല്ല. ജന്‍മ നക്ഷത്രമായ ജൂലൈ 19 ന് കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടില്‍ ചെറിയൊരു സദ്യ പതിവുണ്ട്. പത്തു കഥകള്‍ സിനിമയാവുന്നു എന്നതാണ് ഇക്കുറി എംടിയെ സന്തോഷിപ്പിക്കുന്നത്.

എയര്‍ ഇന്ത്യ സാറ്റ്സിലെ വ്യാജ പീഡന പരാതിക്കേസില്‍ സാറ്റ്സ് മുന്‍ വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് അന്വേഷണം നേരിടണമെന്നു സുപ്രം കോടതിയും. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബിനോയ് ജേക്കബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയെന്നാണ് കേസ്.

അതിവേഗ റെയില്‍ പദ്ധതി സില്‍വര്‍ലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പങ്കുവയ്ക്കാനും ജനസമക്ഷം സില്‍വര്‍ലൈന്‍ ഓണ്‍ലൈന്‍ ലൈവ് വീണ്ടും നടത്തുന്നു. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജില്‍ ലൈവായി ജനസമക്ഷം സില്‍വര്‍ലൈന്‍ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാം.

കെ.കെ രമയെ അധിക്ഷേപിച്ചതിനു രമയ്ക്കു വേദന ഉണ്ടായെങ്കില്‍ താന്‍ എന്തു വേണമെന്ന് എംഎം മണി എഎല്‍എ. മുഖ്യമന്ത്രിയെ തേജോവധം ചെയ്ത രമയ്ക്കെതിരേ സംസാരിച്ചതില്‍ ഖേദമില്ലെന്ന് മണി മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു.

കെ.കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ചു സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവന്‍. എം.എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മാപ്പു പറയേണ്ടതില്ലെന്നുമാണ് വിജയരാഘവന്‍ പ്രതികരിച്ചത്.

പത്തനംതിട്ട സീതത്തോട് സ്വകാര്യ പണമിടപാട് സ്ഥാപനമുടമയെ കബളിപ്പിച്ച് 45 ലക്ഷം രൂപ അപഹരിച്ച മാനേജര്‍ അടക്കമുള്ള രണ്ടു ജീവനക്കാര്‍ക്കെതിരേ കേസ്. മാറംപുടത്തില്‍ ഫൈനാന്‍സിയേഴ്സ് ഉടമ റോയ് മാത്യുവിന്റെ പരാതിയനുസരിച്ച് മാനേജര്‍ രമ്യ രാജനെ അറസ്റ്റു ചെയ്തു. ജീവനക്കാരി ടി.ബി ഭുവനമോള്‍ക്കെതിരേ കേസെടുത്തു. വ്യാജ സ്വര്‍ണ പണയ രേഖകളുണ്ടാക്കിയാണു പണം അപഹരിച്ചത്. റാന്നി കോടതി ഉത്തരവനുസരിച്ചണ് പൊലീസ് കേസെടുത്തത്.

നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

കോഴിക്കോട് എലത്തൂരില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ അറസ്റ്റിലായ സുബിന്റ അമ്മ പുറക്കാട്ടേരി സ്വദേശി ജലജ ജീവനൊടുക്കി. കേസില്‍ നേരത്തെ പിടിയിലായ അബ്ദുള്‍ നാസറിന്റെ കൂട്ടാളിയെന്ന് കണ്ടെത്തിയാണ് 22 കാരനായ സുബിനെ പൊലീസ് അറസ്റ്റു ചെയ്തത്.

പാലക്കാട്ടെ മഹിളാ മോര്‍ച്ചാ നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പ്രജീവ് കീഴടങ്ങി. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തിരുന്നു.

കാസര്‍കോട് പ്രവാസി അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ കൂടി വിദേശത്തേക്കു കടന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ ഷുഹൈബ്, അസ്ഫാന്‍, അസര്‍ അലി, അമ്രാസ് എന്നിവരാണ് യുഎഇയിലേക്കു കടന്നത്. നേരത്തെ റയീസ്, ഷാഫി എന്നിവര്‍ യുഎഇ യിലേക്ക് കടന്നിരുന്നു. ഇതോടെ കേസില്‍ വിദേശത്തേക്കു മുങ്ങിയവരുടെ എണ്ണം ആറായി.

ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ദേവി ആര്‍. രാജിനെ കാണാനില്ലെന്നു പരാതി. കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. അമ്മയാണു പരാതി നല്‍കിയത്. സിപിഎം യൂണിയനായ ലോയേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് ദേവിയെ ഇക്കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തെ അഭിനന്ദിച്ച് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ. രാജ്യത്തെ വിനോദ സഞ്ചാര മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമനന്ത്രി നരേന്ദ്രമോദിക്കു നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പഴയ മൂന്നാറില്‍ മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബഹുനില കെട്ടിടങ്ങളില്‍നിന്ന് ഒഴുക്കിവിടുന്ന വെള്ളം മണ്‍തിട്ടയില്‍ വീഴുന്നതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം പറഞ്ഞു.

സമൂഹ മാധ്യമം വഴി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ 19 കാരിയെ അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി സ്വദേശി ആദര്‍ശ് (25) അറസ്റ്റില്‍. നേരത്തെ യുവാവുമായി സൗഹൃദമുണ്ടായിരുന്ന പെണ്‍കുട്ടി നടത്തിയ ചാറ്റുകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. സൗഹൃദത്തില്‍നിന്ന് പിന്മാറിയ ദേഷ്യത്തിനാണ് ഇയാള്‍ യുവതിയെ അപമാനിച്ചത്.

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പൂവാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു.

കൊല്ലം കുമ്മിളില്‍ സിപിഎം പരിപാടിക്കു തൊഴിലുറപ്പു തൊഴിലാളികളെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതായി പരാതി. പരിപാടിക്ക് വരാത്തവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന് മേല്‍നോട്ടക്കാരി ശാലിനി ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് അസറുദ്ദീ(22)നെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പാര്‍ലമെന്റില്‍ 65 വാക്കുകള്‍ വിലക്കിയ ലോക്സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് സിപിഎം നേതാവ് എ.എ. റഹീം. പാര്‍ലമെന്റിലെ അഭിപ്രായ സ്വാതന്ത്ര്യം തടയാനാവില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ഇങ്ങനെയൊരു കൈപ്പുസ്തകം ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ നിര്‍ദ്ദേശത്തിന് പിന്നില്‍ ബിജെപിയുടെ ഉന്നതതല ഇടപെടലുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, വിനാശ പുരുഷന്‍ തുടങ്ങിയ വാക്കുകള്‍ക്കാണ് വിലക്ക്.

വര്‍ഷങ്ങള്‍ ഒന്നിച്ചു താമസിച്ചശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാന്‍ സ്വദേശിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. നാലു വര്‍ഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശകളുടെ നിരക്ക് വര്‍ധിപ്പിച്ചു. പത്തു ബേസിസ് പോയിന്റായ 0.10 ശതമാനമാണ് വര്‍ധിപ്പിച്ചത്.

വര്‍ധിപ്പിച്ച ജിഎസ്ടി നിരക്കുകള്‍ തിങ്കളാഴ്ച പ്രാബല്യത്തിലാകും. വീട്ടുപകരണങ്ങള്‍, ഹോട്ടലുകള്‍, ബാങ്ക് സേവനങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ചരക്കു സേവന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി. തൈര്, ലെസി, വെണ്ണ പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കൂടാതെ ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ തിങ്കളാഴ്ച മുതല്‍ 18 ശതമാനം ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയില്‍ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏര്‍പ്പെടുത്തും.

വിവാഹവാഗ്ദാനം നല്‍കുകയും പിന്നീട് കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ യുവതി കുത്തിക്കൊന്നു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി 35 കാരനായ രതീഷ് കുമാറിനെയാണ് മണവാളക്കുറിച്ചി സ്വദേശി 37 കാരി ഷീബ കൊലപ്പെടുത്തിയത്. ആരല്‍വായ്‌മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനാണ് രതീഷ്. ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊന്ന യുവതി പൊലീസില്‍ കീഴടങ്ങി.

ആര്‍എസ്എസ് ശാഖകളെപ്പോലെ പോപ്പുലര്‍ ഫ്രണ്ടും യുവാക്കളെ ആയുധാഭ്യാസം പരിശീലിപ്പിക്കുകയാണെന്നു ബിഹാറിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. ബിജെപി ജെഡിയു സഖ്യം ഭരിക്കുന്ന ബിഹാറിലെ പട്‌നയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് മാനവ്ജിത് സിംഗ് ധില്ലന്റെ പ്രസ്താവന വിവാദമായി.

മാളുകളില്‍ മതപരമായ ചടങ്ങളും പ്രാര്‍ത്ഥനകളും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി തലസ്ഥാനമായ ലക്നോവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ സമൂഹ നമസ്‌കാരം നടത്തുന്ന ഫോട്ടോ വൈറലാകുകയും മാളില്‍ സമൂഹപ്രാര്‍ഥനയ്ക്കെതിരേ പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി ബിജെപി എംഎല്‍എ രംഗത്ത്. നാരായണ്‍ ത്രിപാഠിയാണ് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്.

ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നുണ്ട്. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നതു തീരുമാനിക്കാന്‍ നാളെ പാര്‍ലമെന്റ് സമ്മേളനം ചേരും.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമി ഫൈനലില്‍. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് അവസാന നാലിലേക്ക് പ്രവേശനം നേടിയത്.

പതിനെട്ടാം ലോക അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം രാത്രി 9.35 ന് മത്സരങ്ങള്‍ ആരംഭിക്കും. പുരുഷന്മാരുടെ ഹാമര്‍ത്രോയാണ് ആദ്യ മത്സരയിനം. ഇന്ത്യന്‍ സമയം പുലര്‍ച്ചേ 1.40 ന് വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ഈ ഇനത്തില്‍ പ്രിയങ്ക ഗോസ്വാമിയാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഇന്നലെ 15 രൂപയാണ് ഉയര്‍ന്നത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വീണ്ടും വര്‍ധിപ്പിച്ചു. പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇന്ന് മുതല്‍ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു. ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് 7.50 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7.40 ശതമാനമായിരുന്നു. ആറുമാസ കാലാവധിയുള്ളതിന്റേത് 7.45 ശതമാനമായി ഉയര്‍ന്നു. 7.35 ശതമാനത്തില്‍ നിന്നാണ് ഉയര്‍ന്നത്. രണ്ടുവര്‍ഷ കാലാവധിയുള്ളതിന്റേത് 7.70 ശതമാനമായും മൂന്ന് വര്‍ഷത്തിന്റേത് 7.8 ശതമാനമായും ഉയര്‍ന്നു.

ജാസി ഗിറ്റും വിജയലക്ഷ്മിയും ഒരുമിച്ചു പാടിയ വിശുദ്ധ മെജോയിലെ ‘ഒറ്റമുണ്ട് ‘ ഗാനം പുറത്തിറങ്ങി. പുറത്തിറങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. വിനോദ് ഷോര്‍ണൂര്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ നിര്‍മിച്ച് കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യമായി പുറത്തുവന്ന പാട്ടാണ് ‘ഒറ്റമുണ്ട്’. രണ്ട് വ്യത്യസ്ത രീതിയിലുള്ള ഗായകരായ വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ഒരുമിച്ചു പാടിയ പാട്ടിന്റെ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ്. തിരക്കഥ ഡിനോയ് പൗലോസ് ഒരുക്കിയിരിക്കുന്നു. ജൂലൈ 29 ന് തിയേറ്ററുകളില്‍ എത്തും.

ജൂലൈ 21ന് തീയേറ്ററുകളിലെത്തുന്ന മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ കോര്‍ട്ട് ഡ്രാമ സിനിമ മഹാവീര്യറിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ഇന്ത്യന്‍ വിപണിയില്‍ എക്സ്പള്‍സ് 200 4വി യുടെ റാലി കിറ്റ് ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. ഓഫ്-റോഡ്-ബയേസ്ഡ് മോട്ടോര്‍സൈക്കിളിലേക്ക് അധിക ഘടകങ്ങള്‍ കൊണ്ടുവരുന്ന ഈ ഓപ്ഷണല്‍ കിറ്റിന് 46,000 രൂപയാണ് വില. ഈ കിറ്റ് പൂര്‍ണ്ണമായും റോഡ് നിയമപരമാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് പറയുന്നു. ഈ റാലി കിറ്റിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ടയര്‍, സസ്പെന്‍ഷന്‍, എര്‍ഗണോമിക്സ്. ഓപ്ഷണല്‍ കിറ്റ് ഓഫ്-റോഡ്-നിര്‍ദ്ദിഷ്ട മാക്‌സിസ് റാലി ടയറുകള്‍, പ്രീലോഡ്-അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ-ഷോക്ക്, പ്രീലോഡ്-അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍, ഹാന്‍ഡില്‍ബാര്‍ റീസറുകള്‍, ബെഞ്ച്-സ്റ്റൈല്‍ സീറ്റ്, എക്സ്റ്റന്‍ഡഡ് ഗിയര്‍ പെഡല്‍, എക്‌സ്ട്രാ ലോംഗ് സൈഡ് സ്റ്റാന്‍ഡ് എന്നിവ നല്‍കുന്നു.

ഇത് പി വിജയന്‍ ഐ പി എസ്സിനെക്കുറിച്ചുള്ള ഒരു വ്യക്തിചരിത്രമല്ല. മറിച്ച് ഉദ്ദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ അതിലെറെ പ്രതിബദ്ധതയോടെ അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പാക്കി വിജയിപ്പിച്ച പദ്ധതികളെപ്പറ്റിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. ‘അധികാരത്തിന്റെ സാധ്യതകള്‍’. ഡോ. അമൃത് ജി കുമാര്‍. ഡിസി ബുക്സ്. വില 142 രൂപ.

അധികമായി ഭക്ഷണത്തിലേക്ക് ഉപ്പ് ചേര്‍ക്കുന്നവരെ കാത്തിരിക്കുന്നത് അകാല മരണമാണെന്ന് ബ്രിട്ടനിലെ മധ്യവയസ്‌ക്കര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭക്ഷണത്തില്‍ അധിക ഉപ്പ് സ്ഥിരം ചേര്‍ക്കുന്നവര്‍ ചേര്‍ക്കാത്തവരെ അപേക്ഷിച്ച് 75 വയസ്സിന് മുന്‍പ് അകാലത്തില്‍ മരിക്കാനുള്ള സാധ്യത 28 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷന്മാരുടെ ആയുസ്സ് 2.28 വര്‍ഷങ്ങളും സ്ത്രീകളുടെ ആയുസ്സ് ഒന്നര വര്‍ഷവും കുറയ്ക്കാന്‍ ഈ ഉപ്പ് ഉപയോഗം വഴി വയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. അതേ സമയം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരില്‍ അകാലമരണ സാധ്യത കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പഴങ്ങളിലും പച്ചക്കറികളിലുമുള്ള പൊട്ടാസ്യം സോഡിയത്തിന്റെ അളവിനെ കുറയ്ക്കുന്നതാകാം ഇതിന് കാരണം. ഒരാള്‍ ഒരു ദിവസം രണ്ട് ഗ്രാമില്‍ കൂടുതല്‍ സോഡിയം ഉപയോഗിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. അഞ്ച് ഗ്രാം ഉപ്പില്‍ നിന്നാണ് രണ്ട് ഗ്രാം സോഡിയം ഒരാള്‍ക്ക് ലഭിക്കുന്നത്. അമിതമായ സോഡിയത്തിന്റെ അളവും കുറഞ്ഞ പൊട്ടാസ്യത്തിന്റെ അളവും(പ്രതിദിനം 3.5 ഗ്രാമില്‍ താഴെ) രക്ത സമ്മര്‍ദം ഉയര്‍ത്തുകയും ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉപ്പിന്റെ അംശം കൂടുമ്പോള്‍ ഇവയെ പുറന്തള്ളുന്നതിന് ശരീരത്തിന് കൂടുതല്‍ വെള്ളം നിലനിര്‍ത്തേണ്ടി വരുന്നു. ഇതാണ് രക്തസമ്മര്‍ദം ഉയര്‍ത്തുന്നത്. നെഞ്ചെരിച്ചില്‍, നീര്‍ക്കെട്ട്, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതമായി വെള്ളം കുടിക്കാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുമുള്ള തോന്നല്‍, ഉറക്കപ്രശ്നങ്ങള്‍, വയറിന് ബുദ്ധിമുട്ട് , ദുര്‍ബലത എന്നിവയെല്ലാം അമിതമായി ഉപ്പ് കഴിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.92, പൗണ്ട് – 94.52, യൂറോ – 80.08, സ്വിസ് ഫ്രാങ്ക് – 81.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 212.04, കുവൈത്ത് ദിനാര്‍ -259.43, ഒമാനി റിയാല്‍ – 207.60, സൗദി റിയാല്‍ – 21.29, യു.എ.ഇ ദിര്‍ഹം – 21.76, ഖത്തര്‍ റിയാല്‍ – 21.95, കനേഡിയന്‍ ഡോളര്‍ – 60.90.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *