പല്ലുകളെ ആവരണം ചെയ്തിട്ടുള്ള ഇനാമല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇപ്പോഴിതാ, ഇനാമലിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയുന്ന ഗ്ലിസറോള്‍-സ്റ്റബിലൈസ്ഡ് കാല്‍സ്യം ഫോസ്‌ഫേറ്റ് ജെല്‍ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ദന്തചികിത്സാരംഗത്ത് വലിയ മുന്നേറ്റമായി വിദഗ്ധര്‍ കാണക്കാക്കുന്നു. ഭാവിയില്‍ കാവിറ്റികള്‍ അടയ്ക്കുന്നതിനുപകരം, സ്വാഭാവിക ഇനാമല്‍ പുനരുജ്ജീവിപ്പിക്കുന്നതിലേക്കാണ് ദന്തക്ഷയ ചികിത്സാരീതി മാറാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. ബയോമിമിക്രിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലിസറോള്‍-സ്റ്റബിലൈസ്ഡ് കാല്‍സ്യം ഫോസ്‌ഫേറ്റ് ജെല്‍. ഗ്ലിസറോള്‍ ഉപയോഗിച്ച് സ്ഥിരപ്പെടുത്തിയ കാല്‍സ്യം ഫോസ്‌ഫേറ്റ് ജെല്‍ നിര്‍മിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ ഈ പ്രശ്‌നം പരിഹരിച്ചുവെന്നാണ് പഠനത്തില്‍ പറയുന്നത്. കേടുപാടുകള്‍ സംഭവിച്ച പല്ലിന്റെ പ്രതലത്തില്‍ ഈ ജെല്‍ പുരട്ടുന്നതോടെ അത് അതില്‍ ശക്തമായി പറ്റിപ്പിടിക്കുകയും വേഗത്തില്‍ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തുകയും ചെയ്യുന്നു. പരിശോധനകളില്‍ നിന്ന്, ഈ ജെല്‍ ഇനാമലിന്റെ തേയ്മാനം പരിഹരിക്കുന്നതായി കണ്ടെത്തി. കൂടാതെ, പുതുതായി രൂപപ്പെട്ട പാളിക്ക് സ്വാഭാവിക ഇനാമലിന് സമാനമായ കരുത്തും ആസിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു.
പല്ലിന്റെ ഇനാമല്‍ പോയാലും ഇനി കുഴപ്പമില്ല!
