പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 8.25% അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇ.പി.എഫ്.ഒ 2023-24 ലെ പലിശ നിരക്ക് മുന്‍ വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനം ആയാണ് ഉയര്‍ത്തിയത്. നിരക്ക് പരിഷ്‌കരണം ഇന്ത്യയില്‍ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഇ.പി.എഫ് അംഗങ്ങള്‍ക്ക് പ്രയോജനകരമാകും. 2024 മെയ് 31 നാണ് 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് 8.2 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ത്രൈമാസത്തില്‍ അല്ല ഇ.പി.എഫ് അംഗങ്ങളുടെ പലിശ നിരക്ക് പ്രഖ്യാപനം നടത്തുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് വാര്‍ഷിക പലിശ നിരക്ക് പ്രഖ്യാപിക്കപ്പെടുന്നത്. പിരിഞ്ഞ അംഗങ്ങള്‍ക്ക് അവരുടെ അന്തിമ പി.എഫ് സെറ്റില്‍മെന്റിന്റെ ഭാഗമായി പുതുക്കിയ ഇ.പി.എഫ് പലിശ നിരക്ക് വിതരണം ചെയ്തു തുടങ്ങിയതായും ഇ.പി.എഫ്.ഒ അറിയിച്ചു. വിരമിക്കുന്ന ഇ.പി.എഫ് അംഗങ്ങള്‍ക്ക് അവരുടെ പി.എഫ് സെറ്റില്‍മെന്റുകള്‍ക്ക് പുറമേ പുതുക്കിയ പലിശയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. 23,04,516 ക്ലെയിമുകളില്‍ ആയി ഏറ്റവും പുതിയ പലിശ നിരക്ക് ആയ 8.25 ശതമാനം ഉള്‍പ്പെടെ 9260.40 കോടി രൂപ ഇതിനോടകം തീര്‍പ്പാക്കി കഴിഞ്ഞു. വിവിധ പ്രാദേശിക ഭാഷകളില്‍ അക്കൗണ്ട് നില പരിശോധിക്കാവുന്നതാണ്. മിസ്ഡ് കോള്‍ സേവനം: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കി പാസ്ബുക്ക് വിശദാംശങ്ങള്‍ നേടാവുന്നതാണ്.