സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തതിന് അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് പിഴയായി ഈടാക്കിയത് 8,959.97 കോടി രൂപ. 2021-’22 മുതല്‍ 2024-’25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാര്‍ച്ചില്‍ പിഴ ചുമത്തല്‍ നിര്‍ത്തിയിരുന്നു. 2020-21, 2021-22 വര്‍ഷങ്ങളില്‍ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും ഈടാക്കി. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മിനിമം ബാലന്‍സ് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചു. അവശേഷിക്കുന്ന ബാങ്കുകളും പിഴ സമ്പ്രദായം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മിനിമം ബാലന്‍സ് ഇല്ലാത്തതില്‍ വിവിധ ബാങ്കുകള്‍ ഈടാക്കിയ പിഴ ഇപ്രകാരമാണ്. ഇന്ത്യന്‍ ബാങ്ക് -1,855.18 കോടി, പഞ്ചാബ് നാഷനല്‍ ബാങ്ക് -1,662.42 കോടി, ബാങ്ക് ഓഫ് ബറോഡ -1,531.61 കോടി, കനറാ ബാങ്ക് -1,212.92 കോടി, ബാങ്ക് ഓഫ് ഇന്ത്യ -809.66 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ -585.36 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര -535.2 കോടി, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ -484.75 കോടി, യൂക്കോ ബാങ്ക് -119.91 കോടി, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് -100.92 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് -62.04 കോടി.