ബ്രേക്ക്ഫാസ്റ്റിന് വളരെ ഫാസ്റ്റായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീന്‍, കാത്സ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ ആരോഗ്യത്തിന് വേണ്ട നിരവധി അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ബ്രേക്ക്ഫാസ്റ്റിന് വളരെ മികച്ച ഒരു ഓപ്ഷന്‍ തന്നെയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ട പുഴുങ്ങിയ ശേഷം അവശേഷിക്കുന്ന വെള്ളം സിങ്കില്‍ ഒഴിച്ചു കളയുകയായിരിക്കും ചെയ്യുക. എന്നാല്‍ ആ വെള്ളം കളയാതെ ഫലപ്രദമായി ഉപയോഗിക്കാം. മുട്ട പുഴുങ്ങിയ വെള്ളം ധാതു സമൃദ്ധമാണ്. മുട്ട വെള്ളത്തിലിട്ട് പുഴുങ്ങുമ്പോള്‍ മുട്ടയുടെ തോടില്‍ നിന്ന് കാത്സ്യം വെള്ളത്തിലേക്ക് ഇറങ്ങുന്നു. ഇത് കാത്സ്യം ആവശ്യമായ ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതു കൊണ്ട് ഇത് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ്. കാത്സ്യം മണ്ണിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. ഇത് ചെടികളെ മണ്ണില്‍ നിന്ന് ഫലപ്രദമായി പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. വെള്ളം തണുത്ത ശേഷം ഇത് ഇന്‍ഡോര്‍ ചെടികളില്‍ അല്ലെങ്കില്‍ തക്കാളി, കുരുമുളകു പോലുള്ള ചെടികള്‍ക്ക് ഒഴിക്കാം. ചെടികള്‍ നല്ല രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.