രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ സാമ്പത്തിക വര്‍ഷം ഗണ്യമായ ഇടിവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട പുതിയ കണക്ക്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.4 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തയ്യാറാക്കിയ കണക്കില്‍ ചൂണ്ടിക്കാട്ടുന്നത്. 2020-21 കോവിഡ് കാലത്തുണ്ടായ 5.8 ശതമാനത്തിന്റെ അടുത്തേക്കാണ് നിരക്ക് താഴുന്നത്. 2021-22 ല്‍ 9.7 ശതമാനവും 202-23 ല്‍ 7 ശതമാനവും 2024 മാര്‍ച്ച് വരെ 8.2 ശതമാനവുമായിരുന്നു മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച. 6.6 ശതമാനം വളര്‍ച്ചയെന്നാണ് ഡിസംബറില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. 6.5 മുതല്‍ 7 ശതമാനം വരെ കേന്ദ്ര ധനമന്ത്രാലയവും ഉയര്‍ത്തി കാട്ടിയിരുന്നു. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 9.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനത്തിലേക്ക് കുത്തനെ ഇടിയുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളിലുള്ളത്. സേവന മേഖലയില്‍ 6.4 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി വളര്‍ച്ച കുറയും. കാര്‍ഷിക മേഖല കഴിഞ്ഞ വര്‍ഷത്തെ 1.4 ശതമാനത്തില്‍ നിന്ന് 3.8 ശതമാനമായി വളരും. നിലവുള്ള വിലകളെ അടിസ്ഥാനമാക്കിയുള്ള ജിഡിപി കഴിഞ്ഞ വര്‍ഷത്തെ 295.36 ലക്ഷം കോടിയില്‍ നിന്ന് 324.11 ലക്ഷം കോടിയായി വളരും. നിലവിലുള്ള വിലകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മൂല്യം 3.8 ട്രില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ജി.വി.എ വളര്‍ച്ച 9.3 ശതമാനം രേഖപ്പെടുത്തും. ഇത് 292.64 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.