പ്രായമാകുമ്പോള്‍ കാഴ്ചശക്തിക്ക് മങ്ങല്‍ ഉണ്ടാം. എന്നാല്‍ ഇനി അതും മറികടക്കാമെന്നാണ് ടഫ്റ്റ്‌സ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. കണ്ണിന്റെ റെറ്റിനയിലെ മൂര്‍ച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോള്‍ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാര്‍ ഡീജനറേഷന്‍. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിന്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ത്ത ആളുകളുടെ മാക്കുലാര്‍ പിഗ്മെന്റ് ഒപ്റ്റിക്കല്‍ ഡെന്‍സിറ്റി വെറും ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റെറ്റിനയിലെന്ന പോലെ ല്യൂട്ടിന്‍ തലച്ചോറിലെ ചിലയിടങ്ങളില്‍ സംഭരിക്കപ്പെടുന്നു, അവിടെ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കണ്ണുകള്‍ക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.