വെറും രണ്ട് ദിവസത്തേക്ക് മാത്രം ഓട്‌സ് കഴിച്ചവരില്‍ പോലും കൊളസ്‌ട്രോള്‍ ഗണ്യമായ അളവില്‍ കുറഞ്ഞതായി ബോണ്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ കാലയളവിലേക്ക് പോലും ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഗുണപരമായ നേട്ടങ്ങള്‍ ആരോഗ്യത്തിലുണ്ടാക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ച ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇവര്‍ക്ക് രണ്ട് ദിവസത്തേക്ക് മൂന്ന് നേരം 300 ഗ്രാം ഓട്‌സ് നല്‍കി. ഇതിനൊപ്പം പഴങ്ങളും പച്ചക്കറികളും ചെറിയ അളവില്‍ നല്‍കി. രണ്ട് ദിവസം നീണ്ട പഠനശേഷം നടത്തിയ ഇവരുടെ ആരോഗ്യ പരിശോധനകളില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമായത്. ഇവരുടെ കൊളസ്‌ട്രോള്‍ 10 ശതമാനം കുറഞ്ഞതായും ശരീരഭാരം ശരാശരി രണ്ട് കിലോ വീതം കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദവും ഇവരില്‍ നേരിയ തോതില്‍ മെച്ചപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. ആറ് ആഴ്ചകള്‍ക്ക് ശേഷവും ഈ ആരോഗ്യ ഗുണങ്ങള്‍ ഇവരില്‍ പ്രകടമായതായും ഗവേഷണ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ശരീരത്തിന് ഗുണകരമായ നിലയില്‍ വയറില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയയില്‍ മാറ്റം വരുത്തി കൊണ്ടാണ് ഓട്സ് കൊളസ്ട്രോള്‍ തോത് മെച്ചപ്പെടുത്തുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ചിട്ടയായ രീതിയില്‍ ഹ്രസ്വകാലത്തേക്ക് നടപ്പാക്കുന്ന ഓട്സ് ഭക്ഷണക്രമമാകും കൂടുതല്‍ പ്രയോജനകരമെന്ന് പഠനറിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
